ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ധോണിയെ പോലെയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇൻഡോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇന്ത്യൻ ക്രിക്കറ്റിന് ധോണി എന്നപോലെയാണ് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശിവരാജ് സിംഗ് ചൗഹാനെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. മികച്ച ഫിനിഷിങ്ങും മികച്ച വിജയവും കാഴ്ചവയ്ക്കുന്നതിനാലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ ധോണി എന്ന് വിളിക്കുന്നതെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
18 വർഷത്തോളം മുൻപ് വരെ അവികസിതമായ ‘ബിമാരു’ രാജ്യമായി അറിയപ്പെട്ടിരുന്ന മധ്യപ്രദേശിനെ ആ സ്ഥിതിയിൽ നിന്നും മാറ്റിയെടുത്തത് ബിജെപി സർക്കാർ ആണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദശാബ്ദമായി മധ്യപ്രദേശ് ബിജെപി ഭരിക്കുന്നു. ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായ വികസനങ്ങളെ ആർക്കും നിഷേധിക്കാൻ ആവില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
” മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയമാണ്. സംസ്ഥാനത്തെ വികസനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നാല് സാമ്പത്തിക ഇടനാഴികൾ ആണ് നിർമ്മിക്കപ്പെടുന്നത്. വലിയ വികസനമാണ് ഇപ്പോൾ മധ്യപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ എല്ലാ ഗുണകരമായ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാൻ മധ്യപ്രദേശിലെ ബിജെപി സർക്കാരിന് കഴിഞ്ഞിട്ടുണ്ട് ” എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post