ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ കള്ളക്കേസുകൾ ഉണ്ടാകുന്നതിനാൽ കോടതികൾ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ പ്രതിയുടെ മനസിലുണ്ടാകുന്ന മുറിവുകളെക്കുറിച്ച് ആർക്കെങ്കിലും വേദനയുണ്ടോയെന്നും കോടതി ചേദിച്ചു. ബലാത്സംഗക്കേസിൽ പ്രതിക്ക് പഞ്ചാബിലെ കീഴ് കോടതി വിധിച്ച ഏഴ് വർഷം തടവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിൽ പരാതിക്കാരിയായ പെൺകുട്ടി നൽകിയ മൊഴി ഒട്ടും വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതൊരു കള്ളക്കേസ് ആണെന്നേ പറയാൻ കഴിയൂവെന്നും വ്യക്തമാക്കി. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് പെൺകുട്ടി വിഷയം പുറത്ത് പറയുന്നത്. അതിനു മുമ്പ് പെൺകുട്ടിയും പ്രതിയും തമ്മിൽ വിവാഹത്തിന് ശ്രമം നടന്നു. അതു പരാജയപ്പെട്ടപ്പോൾ മാത്രമാണ് പോലീസിൽ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പെൺകുട്ടിയുടെ പ്രായത്തേക്കുറിച്ചും സംശയമുന്നയിച്ചു.
പോലീസ് നൽകിയ തെളിവുകൾ സംശയം ജനിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ സമ്മതത്തോടെയുള്ള ലൈഗിക ബന്ധമായി ആണ് തെളിവും സാഹചര്യവും വ്യക്തമാക്കുന്നത്. ഇത്തരം കേസുകളിൽ സാധാരണ ഗതിയിൽ പെൺകുട്ടിയുടെ മൊഴി വിശ്വസിക്കാറുണ്ട്. പക്ഷെ, ജാഗ്രത പുലർത്തണം. അതിൽ കീഴ് കോടതി വീഴ്ച്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം കള്ളക്കേസുകൾ പ്രതിസ്ഥാനത്തുള്ളവരുടെ മനസ്സിൽ ഏൽപ്പിക്കുന്ന മുറിപ്പാടുകളേക്കുറിച്ച് ആർക്കെങ്കിലും സങ്കടമുണ്ടോ? പ്രതിയുടെ ജീവിതം കീഴ്മേൽ മറിക്കുന്ന ഒന്നാകും അത് എന്നും കോടതി ചോദിച്ചു.
Discussion about this post