ന്യൂഡൽഹി : കോവിഡ് കാര്യമായ ബാധിച്ചിരുന്നവരിൽ ഹൃദയാഘാത നിരക്ക് കൂടുന്നുവെന്ന് സൂചന. കോവിഡ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയവർ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിർദ്ദേശം. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇത്തരം ഒരു നിർദ്ദേശം നൽകിയിട്ടുള്ളത്.
ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേരാണ് മരിച്ചിരുന്നത്. ഈ അവസരത്തിലാണ് കോവിഡും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നത്. കോവിഡ് ഗുരുതരമായി പ്രശ്നങ്ങളുണ്ടാക്കിയവർ കുറച്ചുകാലത്തേക്ക് കഠിനമായ വ്യായാമങ്ങളോ കഠിനമായ ജോലികളോ ചെയ്യരുതെന്നാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം ഉള്ളത്.
കോവിഡും കോവിഡിന്റെ വകഭേദങ്ങളും രക്തധമനിയുടെ കോശങ്ങളെ ബാധിക്കുന്നതിനാൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണ്ടെത്തൽ. കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ മൂലം രക്തധമനികൾ ദൃഢമാവുകയും അവയിൽ കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഹൃദയാഘാതം കൂടാതെ കോവിഡ് രക്തം കട്ടപിടിക്കാനും സ്ട്രോക്ക് ഉണ്ടാവാനുമുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post