ന്യൂഡൽഹി : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. ഗുജറാത്ത് പോലീസിന്റെ അന്വേഷണവുമായി ടീസ്റ്റ സഹകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ജാമ്യം അനുവദിക്കുന്ന സമയത്ത് ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ടീസ്റ്റ സെതൽവാദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജി സുപ്രീം കോടതി തള്ളി. കേസിന് ഒരുതരത്തിലും ബാധിക്കാത്ത പരാമർശങ്ങളാണ് ഗുജ്റാത്ത് ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി വിലയിരുത്തി.
ടീസ്റ്റ സെതൽവാദും ഭർത്താവ് ജാവേദ് ആനന്ദും ഗുജറാത്ത് പോലീസിന്റെ അന്വേഷണങ്ങളോട് സഹകരിക്കണമെന്ന് ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് നിർദ്ദേശിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് ടീസ്റ്റ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്.
Discussion about this post