ലോകത്ത് വലിയ ഊർജ്ജ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശ നൽകി വൈറ്റ് ഹൈഡ്രജന്റെ വലിയ നിക്ഷേപം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വടക്കുകിഴക്കൻ ഫ്രാൻസിലാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്. ഫ്രാൻസിലെ രണ്ട് ശാസ്ത്രജ്ഞരായ ജാക്വസ് പിറോനോൻ, ഫിലിപ്പ് ഡി ഡൊനാറ്റോ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.ഭൂമിയുടെ ഉപരിതലത്തിൽ ഫോസിൽ ഇന്ധനങ്ങൾ കണ്ടെത്താനായി ഗവേഷണം നടത്തുകയായിരുന്നു ഇവർ.
ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറ്റ് ഹൈഡ്രജനെ ഗോൾഡ് ഹൈഡ്രജനെന്നും നാച്വറൽ ഹൈഡ്രജനെന്നും അല്ലെങ്കിൽ ജിയോളജിയോ ഹൈഡ്രജൻ എന്നും വിളിക്കാറുണ്ട്. ഭൂമിയുടെ നിരപ്പിൽ നിന്ന് 1.25 കിലോമീറ്റർ താഴ്ചയിലാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത്. 25 കോടി മട്രിക് ടൺ അളവിൽ ഇതുണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിയുടെ പുറംകാമ്പിൽ (ക്രസ്റ്റ്) ഉത്പാദിപ്പിക്കപ്പെടുന്നതാണു ശ്വേത ഹൈഡ്രജൻ. പല വകഭേദങ്ങളിൽ ഹൈഡ്രജൻ ഊർജാവശ്യത്തിനായി ലഭ്യമായതിൽ ഏറ്റവും ശുദ്ധമായതാണ് ശ്വേത ഹൈഡ്രജൻ. ഇതു കത്തുമ്പോൾ ഹരിതഗൃഹവാതകങ്ങളല്ല ജലം മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.അതിനാൽ ഇത് സൗരോർജ്ജത്തെക്കാളും കാറ്റിനെക്കാളും മികച്ച ഹരിത ഊർജ സ്രോതസായും കണക്കാക്കപ്പെടുന്നു.
സ്റ്റീൽ, ഷിപ്പിംഗ്, വ്യോമയാനം തുടങ്ങിയ പല മേഖലകളിലും ഗ്രീൻ ഹൈഡ്രജന് പകരമായി വൈറ്റ് ഹൈഡ്രജൻ ഉപയോഗിക്കാം. പരിസ്ഥിതി പരമായും ഏറെ പ്രാധാന്യമുള്ളതാണ് വൈറ്റ് ഹൈഡ്രജൻ. കാലാവസ്ഥാവ്യതിയാനം കുറച്ചുകൊണ്ടുവരാൻ ശ്വേത ഹൈഡ്രജൻ ഉപയോഗം വഴിയൊരുക്കും.ലോകത്ത് വലിയ തോതിൽ െൈവറ്റ് ഹൈഡ്രജൻ ഉപയോഗിക്കാനായാൽ പലതരത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങളും കുറയ്ക്കാനാകും.
ഇതിനോടകം തന്നെ ഹൈഡ്രജന്റെ മറ്റൊരു വകഭേദമായ ഗ്രീൻ ഹൈഡ്രജനിൽ വിപ്ലവമൊരുക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. സമൃദ്ധമായ പ്രകൃതി വിഭവങ്ങൾ ഉള്ളതു കൊണ്ടും അനുകൂലമായ ഭൂമിശാസ്ത്രപര സാഹചര്യങ്ങളായതിനാലും ഇന്ത്യയ്ക്ക് ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ കഴിയും. പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് പ്രകൃതിവാതകത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞ പദ്ധതിയാണ്.











Discussion about this post