ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങി എന്ന ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. എംപിയുടെ പാര്‍ലമെന്റ് അക്കൗണ്ട് ദുബായില്‍ നിന്നും ലോഗിന്‍ ചെയ്തത് 47 തവണയെന്ന് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ചോദ്യം ചെയ്യലിനായി മഹുവ മൊയ്ത്ര പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഹാജരായിരുന്നു. അതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്.
ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. മഹുവ മൊയ്ത്രയുടെ ലോഗിന്‍ ഉപയോഗിച്ച് ദുബായിലെ ഹിരാനന്ദാനിയുടെ സ്ഥലത്ത് നിന്ന് 47 തവണ പാര്‍ലമെന്ററി അക്കൌണ്ട് തുറന്നതായും നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടുന്നു. ‘ഈ വാര്‍ത്ത ശരിയാണെങ്കില്‍, രാജ്യത്തെ എല്ലാ എംപിമാരും മഹുവയുടെ അഴിമതിക്കെതിരെ നിലകൊള്ളണം. ഹിരാനന്ദാനിക്ക് വേണ്ടി ലോക്സഭയില്‍ മഹുവ മൊയ്ത്ര ചോദ്യങ്ങള്‍ ചോദിച്ചു. മുതലാളിമാരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണോ നമ്മള്‍ എംപിമാര്‍ ചെയ്യേണ്ടത്’, ബിജെപി എംപി എക്സില്‍ കുറിച്ചു.
മഹുവ മൊയ്ത്ര തന്റെ പാര്‍ലമെന്ററി പോര്‍ട്ടല്‍ ലോഗിന്‍, പാസ്വേഡ് എന്നിവ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് കൈമാറിയതായാണ് ബിജെപിയുടെ ആരോപണം. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ചോദിക്കാനാണ് എംപി കോഴ വാങ്ങിയതെന്നും ലോഗിന്‍ വിവരങ്ങള്‍ കൈമാറിയതെന്നും ബിജെപി ആരോപിച്ചു. പാര്‍ലമെന്റ് വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് എല്ലാ എംപിമാരും ഒപ്പിട്ടുണ്ട്. ഇത് കൈമാറിയതിലൂടെ മഹുവ മൊയ്ത്ര ദേശീയ താല്‍പ്പര്യത്തിനാണ് കളങ്കം വരുത്തിയിരിക്കുന്നതെന്നും എംപിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നിഷികാന്ത് ദുബെ പറഞ്ഞു. മഹുവ മൊയ്ത്ര ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോള്‍ അവരുടെ പാര്‍ലമെന്ററി ഐഡി ദുബായില്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) ഈ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയം അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളില്‍ നിന്ന് സമിതി സഹായം സ്വീകരിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ താന്‍ കൈക്കൂലി നല്‍കിയെന്ന വ്യവസായിയുടെ സത്യവാങ്മൂലമാണ് മഹുവ മൊയ്ത്രയെ കൂടുതല്‍ കുരുക്കിലാക്കിയത്. സംഭവം വിവാദമായതോടെയാണ് ദര്‍ശന്‍ ഹിരാനന്ദാനി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരമായി താന്‍ മഹുവ മൊയ്ത്രയ്ക്ക് പണവും മറ്റ് സമ്മാനങ്ങളും നല്‍കിയിരുന്നതായും, അവര്‍ നിര്‍ബന്ധപൂര്‍വ്വം പല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടന്നുമാണ് ഹിരാനന്ദാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ വേഗം പ്രശസ്തിയാര്‍ജ്ജിക്കാമെന്ന് അവര്‍ കരുതിയിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം വളരെക്കാലമായി ഉറ്റസുഹൃത്തുക്കളായിരുന്നതിനാല്‍ താന്‍ ഹിരാനന്ദാനിയ്ക്ക് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പങ്കിട്ടിരുന്നുവെന്ന് മൊയ്ത്ര സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് കോഴ വാങ്ങി ആയിരുന്നില്ലെന്നും ചോദ്യങ്ങള്‍ എപ്പോഴും തന്റേത് തന്നെ ആയിരുന്നുവെന്നുമാണ് മഹുവ മൊയ്ത്രയുടെ മറുപടി.
Discussion about this post