ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന പരാതിയില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഹിയറിംഗിനിടെ ഇറങ്ങിപ്പോയി. കമ്മിറ്റി ചോദിച്ച ചോദ്യങ്ങള്‍ ശരിയല്ലെന്ന കാരണം പറഞ്ഞാണ് എം പി ഹിയറിംഗ് പൂര്‍ത്തിയാക്കാതെ സ്ഥലം വിട്ടത്. മഹുവയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാരും യോഗത്തില്‍ നിന്ന് ഇറങ്ങി പോയി.
വ്യക്തിപരമായതും ധാര്‍മികതയ്ക്ക് നിരക്കാത്തതുമായ ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റി ചോദിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഹിയറിംഗ് നടക്കുന്നതിനിടെ ഒരു എംപി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അവര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ക്രോസ് വിസ്താരത്തിനിടെയാണ് ഇറങ്ങിപ്പോക്കുണ്ടായത്.
‘എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്റെ ചോദ്യങ്ങളുടെ ഓരോ വരിയും ആരുടേയോ നിര്‍ദേശം പ്രകാരം പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് വളരെ മോശമാണ്. നിങ്ങള്‍ എങ്ങോട്ടാണ് യാത്ര ചെയ്തത്?, എവിടെ വെച്ചാണ് നിങ്ങള്‍ കണ്ടുമുട്ടുന്നത്?, നിങ്ങളുടെ ഫോണ്‍രേഖകള്‍ ഞങ്ങള്‍ക്ക് കൈമാറുമോ? എന്നൊക്കെയാണ് മഹുവയോട് ചോദിക്കുന്നത്’, കോണ്‍ഗ്രസ് എംപി ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.
ഇത്തരത്തില്‍ വൃത്തികെട്ട ചോദ്യങ്ങളാണ് അവര്‍ തന്നോട് ചോദിക്കുന്നതെന്ന് മഹുവയും വ്യക്തമാക്കി. അതേസമയം, വ്യക്തിബന്ധത്തിലെ പ്രശ്നങ്ങളാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മഹുവ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി.
സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ ദേഹാദ്രായിയും നേരത്തെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ തൃണമൂല്‍ എംപിക്ക് എതിരായി മൊഴി നല്‍കിയിരുന്നു. കൂടാതെ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയും കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര ചോദ്യങ്ങള്‍ക്കായി കോഴ വാങ്ങിയതായും പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും തനിക്ക് നല്‍കിയതായും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃണമൂല്‍ എംപിക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post