തൃശൂർ: തൃശൂർ കേരളവർമ കോളേജിലെ വോട്ടിംഗ് വിവദത്തിനോട് പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടിഡി ശോഭ. നിർത്തിവച്ച വോട്ടെണ്ണൽ തുടരാൻ നിർദേശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോളേജ് മാനേജർ പറഞ്ഞാൽ അനുസരിക്കാതെ നിവൃത്തിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ‘തർക്കം വന്നപ്പോൾ റീ കൗണ്ടിംഗ് നിർത്തിവയ്ക്കാൻ താനാവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് രാത്രി റീ കൗണ്ടിങ് പുനരാരംഭിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രേഖാമൂലം ആരും നൽകിയിരുന്നില്ല. നൽകിയാൽ പരിശോധിക്കും’-പ്രിൻസിപ്പൽ വ്യക്തമാക്കി.
നാടകീയ സംഭവങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസം കോളേജിൽ അരങ്ങേറിയത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം
റീകൗണ്ടിംഗ് നടത്തിയതോടെ കെ.എസ്.യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തി എസ്എഫ്ഐയുടെ അനിരുദ്ധൻ ചെയർമാൻ സ്ഥാനത്ത് ജയിക്കുകയായിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ.എസ്.യു. അസാധുവോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമായി എണ്ണിയെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. ഇതിനായി ഇടത് അനുകൂല അധ്യാപകരും കൂട്ടു നിന്നുവെന്നും കെ.എസ്.യു പറയുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു ചെയർമാൻ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. 32 വര്‍ഷത്തിന് ശേഷം കേരളവര്‍മ്മയില്‍ ജനറല്‍ സീറ്റ് ലഭിച്ചത് കെഎസ് യു വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെയാണ്, എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടത്. അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർദ്ദേശം നൽകിയതെന്നും രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ് എഫ് ഐ യെ വിജയിപ്പിച്ചത് ഉന്നത നിർദ്ദേശപ്രകാരമാണെന്നും കെ.എസ്.യു. ആരോപിച്ചു. പ്രതിഷേധ സൂചകമായി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെ.എസ്.യു മാർച്ച് നടത്തും.
‘ഇന്നലെ തിരഞ്ഞെടുപ്പ് വലിയ ആവേശത്തില്‍ ആയിരുന്നു. 78 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. മത്സരഫലം വന്നപ്പോള്‍ ഞാന്‍ ജയിച്ചു. 896 വോട്ട് നേടിയാണ് ജയിച്ചത്. എന്നാല്‍ ഇത് എസ്എഫ്ഐയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. റീക്കൗണ്ടിംഗ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നടക്കട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. പക്ഷെ റീക്കൗണ്ടിംഗ് ശരിയായ രീതിയിലല്ല നടന്നത്. പല സമയങ്ങളില്‍ കറണ്ട് പോയി. പല തെറ്റായ നടപടികളും ഇതിനിടയില്‍ ഉണ്ടായി. കൗണ്ടിംഗ് റൂമില്‍ ഇടത് അധ്യാപക സംഘടനയില്‍ ഉള്ള അധ്യാപകരായിരുന്നു. നടപടി സുതാര്യമല്ലെന്ന് മനസിലാക്കിയപ്പോള്‍ റീക്കൗണ്ടിങ് നിര്‍ത്തിവയ്ക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറായില്ല’- കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍ പറഞ്ഞു.
Discussion about this post