ന്യൂഡൽഹി : ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ വ്യാഴാഴ്ച പറഞ്ഞു. ഹമാസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രയേൽ ഇന്ത്യയ്ക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ജഠക ) യ്ക്ക് പ്രത്യേക അഭിമുഖത്തിൽ അറിയിച്ചു. ‘ ഇസ്രായേൽ -ഇന്ത്യ സൗഹൃദം ദൃഢമാണെന്നും, നിലവിലെ ഹമാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ ചൂണ്ടിക്കാട്ടി. അതേസമയം ഗാസയിലെ ജനങ്ങൾക്കായി മാനുഷിക സഹായം നൽകുന്ന ഇന്ത്യൻ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
നിലവിലെ പോരാട്ടത്തിൽ ജീവഹാനിയും ദുരിതങ്ങളും തടയാൻ ഇസ്രയേൽ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഗിലോൺ അറിയിച്ചു. ‘ ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400-ലധികം പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിക്കുന്നതിന് മൂന്ന് ആഴ്ചകൾ എടുത്തു. ഗാസയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പും നൽകിയിരുന്നു. നിർഭാഗ്യവശാൽ, ഹമാസിന്റെ സമ്മർദ്ദം കാരണം പലരും അത് ചെയ്തില്ല. ഹമാസ് ഗാസയിലെ ജനതയെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും’ നൗർ ഗിലോൺ വ്യാഴാഴ്ച നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗാസയിൽ ഹമാസ് 220-ലധികം പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post