ഒരു നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. നവംബർ മൂന്ന് വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും. അഞ്ചാം പാതിര എന്ന ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഒരു ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.
പാപ്പൻ എന്ന ചിത്രത്തിനുശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ത്രില്ലർ ചിത്രമാണ് ഗരുഡൻ. അതിനാൽ തന്നെ ആരാധകർ വലിയ ആവേശത്തിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്‍ഡന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്.
നവാഗത സംവിധായകൻ അരുൺ വർമ്മയാണ് ഗരുഡന്റെ സംവിധാനം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജിനേഷ് എം. ആണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.
സിദ്ധിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. ജെയ്ക്സ് ബിജോയ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീജിത്ത് സാരംഗ് ആണ് എഡിറ്റർ.
Discussion about this post