പട്ന: ഇൻഡി സഖ്യത്തിന് ലക്ഷ്യബോധം നഷ്ടമായെന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു ഇൻഡി സഖ്യത്തിലെ മുതിർന്ന നേതാവായ നിതീഷിന്റെ വിമർശനം.
ഇൻഡി സഖ്യത്തെ മുൻനിരയിൽ നിന്ന് നയിക്കേണ്ട പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് വേണ്ടിയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ കഠിനാദ്ധ്വാനം ചെയ്യുന്നത്. എന്നാൽ കോൺഗ്രസിന് ഇപ്പോൾ സഖ്യത്തിൽ വലിയ താത്പര്യമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. നിതീഷ് കുമാർ പറഞ്ഞു.
കോൺഗ്രസിന് ഇപ്പോൾ താത്പര്യം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇൻഡി സഖ്യത്തിന്റെ യോഗം വിളിച്ച് ചേർക്കാം എന്നായിരിക്കും അവർ ചിന്തിക്കുന്നത്. നിലവിൽ ഇൻഡി സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു നീക്കവും കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നിതീഷ് കുമാർ വിമർശിച്ചു.








