ഭോപ്പാൽ; നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അവകാശവാദവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് മാത്രമുളളതല്ലെന്നും രാജീവ് ഗാന്ധിയാണ് രാമജൻമഭൂമി രാമഭക്തർക്കായി തുറന്നു നൽകിയതെന്നുമാണ് കമൽനാഥിന്റെ വാദം. ദ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽനാഥിന്റെ പ്രതികരണം.
രാമക്ഷേത്രത്തിന്റെ പേരിൽ അവകാശവാദവുമായി കമൽനാഥ് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുളള വാക്കുകൾ. ജനുവരി 22 ന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ അവകാശവാദം.
ബിജെപിയുടെ പണം കൊണ്ടല്ല രാമക്ഷേത്രം നിർമിച്ചത്. സർക്കാരിന്റെ പണം കൊണ്ടാണെന്ന വിചിത്രവാദവും കമൽനാഥ് ഉന്നയിച്ചു. ലോകമൊട്ടുക്കുമുളള ഹൈന്ദവ വിശ്വാസികളുടെ സംഭാവനകൾ ചേർത്തുവെച്ചാണ് രാമക്ഷേത്രം നിർമിച്ചതെന്ന സത്യം മറച്ചുവെച്ചാണ് കമൽനാഥിന്റെ വാക്കുകൾ. ചരിത്രം മറക്കരുത് രാജീവ് ഗാന്ധിയാണ് അയോദ്ധ്യയിലെ പഴയ രാമക്ഷേത്രം തുറന്നുനൽകിയതെന്നും കമൽനാഥ് പറഞ്ഞു.
രാമക്ഷേത്രം സ്വന്തം സ്വത്ത് പോലെ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ രാമക്ഷേത്രം ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ഏതെങ്കിലും ഒരാളുടെയോ സ്വത്തല്ല. അത് ഈ രാജ്യത്തിന്റെയും ഇവിടുത്തെ എല്ലാ പൗരൻമാരുടെയും സ്വത്താണെന്നും ആണ് കമൽനാഥിന്റെ വാക്കുകൾ.
Discussion about this post