ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ അവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ പാകിസ്താൻ കറൻസിയുടെ പ്രകടനം അതിദയനീയമാണ്. ഡോളറിന് 282.65 പാകിസ്താൻ രൂപ എന്ന നിലയിലായിരുന്നു തകർച്ച. 281.47 പാകിസ്താൻ രൂപയായിരുന്നു ഇതിന് മുൻപത്തെ ദിവസത്തെ ഡോളറിനെതിരായ പ്രകടനം.
അന്താരാഷ്ട്ര നാണയ നിധി വായ്പ തിരിച്ചു പിടിക്കാൻ തുടങ്ങിയതോടെയാണ് പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്നത്. 3 ബില്ല്യൺ ഡോളർ വായ്പയാണ് ഐ എം എഫ് പാകിസ്താനിൽ നിന്നും തിരിച്ചു പിടിക്കാൻ തുടങ്ങിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്താനിലെ ബാങ്കുകൾ തകർച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ വിദേശനാണ്യ കരുതൽ ശേഖരവും ചുരുങ്ങുകയാണ്. ഇത് ഏകദേശം 8 ബില്ല്യൺ ഡോളറാക്കി നിലനിർത്താൻ പാകിസ്താൻ വീണ്ടും ഐ എം എഫിന്റെ പിന്തുണ അഭ്യർത്ഥിച്ചിരിക്കുകയാണ്.
അതേസമയം ഐ എം എഫിൽ നിന്നും ദൈനംദിന ചിലവുകൾക്കായി വീണ്ടും പാകിസ്താൻ വായ്പ എടുക്കാൻ ഒരുങ്ങുന്നതായാണ് വിവരം. അനുവദിക്കപ്പെട്ട വായ്പയുടെ രണ്ടാം ഗഡുവായ 710 മില്ല്യൺ ഡോളർ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാകിസ്താൻ ധനകാര്യ വകുപ്പ് മന്ത്രി ഷംഷദ് അക്തർ വ്യക്തമാക്കി.
Discussion about this post