ന്യൂഡൽഹി: മതവിദ്വേഷ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. വിധിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് എന്നായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
സംഭവത്തിൽ നിലമ്പൂർ പോലീസാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഇതിൽ ഓഗസ്റ്റിൽ ആയിരുന്നു അദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ ഇത് ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിവാദ വാർത്തയുടെ ഉറവിടം കണ്ടെത്താനായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. അതിന് മുൻകൂർ ജാമ്യം തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ ഷാജൻ സ്‌കറിയ നടത്തിയ പരാമർശങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് മുൻകൂർ ജാമ്യം അനുവദിച്ചത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പരാമർശങ്ങൾ കേസിന്റെ മറ്റ് നടപടികളെ സ്വാധീനിക്കരുത് എന്നും സുപ്രീം കോടതി നിർദേശിച്ചു.
Discussion about this post