ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. തെലങ്കാന സ്വദേശി ഗണേഷ് രമേഷ് വൻപർദ്ദി ആണ് അറസ്റ്റിലായത്. ഇ-മെയിലിലൂടെയാണ് ഗണേഷ് അംബാനിയുടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
മൂന്ന് തവണയാണ് യുവാവ് അംബാനിയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചത്. നാന്നൂറ് കോടി രൂപ വേണമെന്ന് ആയിരുന്നു ആവശ്യം. സന്ദേശം വന്ന ഇ-മെയിൽ ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
ഒക്ടോബർ 27നായിരുന്നു മുകേഷ് അംബാനിയ്ക്ക് ആദ്യമായി ഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകണമെന്നും അല്ലെങ്കിൽ കൊന്നു കളയുമെന്നുമായിരുന്നു ഭീഷണി. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ആയിരുന്നു ഇ മെയിൽ എത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പിറ്റേന്ന് 200 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ മെയിൽ സന്ദേശം. തിങ്കളാഴ്ചയായിരുന്നു അവസാനമായി അദ്ദേഹത്തിന് ഭീഷണി സന്ദേശം വന്നത്. ഇതിന് പിന്നാലെ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് ഗണേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
കോടതിയിൽ ഹാജരാക്കിയ ഗണേഷിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Discussion about this post