ഇടുക്കി: ശക്തമായ മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയ് ആണ് മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവം.
ഇന്നലെ വൈകീട്ട് മുതൽ ജില്ലയിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്. ഇതേ തുടർന്ന് പലഭാഗങ്ങളിലും ഉരുൾപൊട്ടി. മുകളിൽ നിന്നും മണ്ണും പാറക്കല്ലുകളും റോയുടെ വീടിന്റെ പുറകുവശത്തേത്ത് ഇടിഞ്ഞ് വീഴുകയായിരുന്നു. ഇത് പതിച്ചാണ് ഭിത്തി ഇടിഞ്ഞത്. വീട്ടിൽ റോയ് ഒറ്റയ്ക്കാണ് താമസം.
ഉരുൾപൊട്ടലിൽ പല വീടുകൾക്കുള്ളിലും വെള്ളവും ചളിയും കയറി. ഉരുൾപൊട്ടിയത് അറിഞ്ഞതോടെ റോയുടെ സമീപവാസികൾ വീടുകളിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
പലഭാഗങ്ങളിലും മരം കടപുഴകി വീണു. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.












