പാരിസ് : ഫ്രാൻസിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ പാരീസിലെ വിമാനത്താവളത്തിൽ ഇസ്ലാം മത വിശ്വാസികൾ കൂട്ടമായി നിസ്കരിച്ചത് വിവാദമാകുന്നു. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. എയർപോർട്ട് ഓപ്പറേറ്റർ സംഭവത്തെ ഖേദകരമെന്ന് വിശേഷിപ്പിച്ചു.
ജോർദാനിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മുൻപാണ് വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിൽ ഇസ്ലാം മത വിശ്വാസികളായ നിരവധി യാത്രക്കാർ ഒന്നിച്ചു ചേർന്ന് നിസ്കരിച്ചത്. ഈ കൂട്ടപ്രാർത്ഥനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടെ ഫ്രാൻസിൽ സംഘർഷാവസ്ഥ ഉയരുന്നതിനിടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങളാണ് ഈ പ്രവൃത്തിക്കെതിരെ ഉയർന്നുവരുന്നത്. എല്ലാ മതസ്ഥർക്കും സ്വകാര്യമായി പ്രാർത്ഥിക്കുന്നതിനായി വിമാനത്താവളത്തിൽ പ്രത്യേക ഭാഗങ്ങൾ സജ്ജീകരിച്ചിട്ടുള്ളതാണ്. എന്നാൽ ആ സ്ഥലം ഉപയോഗിക്കാതെ മുപ്പതോളം പേർ ചേർന്ന് 10 മിനിറ്റോളം സമയം മറ്റുള്ള യാത്രക്കാർക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നിസ്കാരം നടത്തിയത് വലിയ വിവാദത്തിലേക്ക് ആണ് നീങ്ങുന്നത്. സ്‌കൂളുകൾ പോലുള്ള പൊതു ഇടങ്ങളിലും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പൊതു കെട്ടിടങ്ങളിലും മതവിശ്വാസത്തിന്റെ പ്രദർശനത്തിന് ഫ്രാൻസിൽ വിലക്കുള്ളതാണ്.
Discussion about this post