ന്യൂഡൽഹി: ഗവർണറെ കക്ഷിചേർത്തുകൊണ്ട് കേരള ഗവണ്മെന്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി. സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളുടെ തുടർനടപടി രാജ്ഭവന്റെ അനാസ്ഥകാരണം വൈകുന്നതായി കാണിച്ചുകൊണ്ട് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. കേസിന്റെ തുടർനടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ സി. കെ ശശിക്ക് നൽകിയ കത്തിലൂടെയായിരുന്നു സുപ്രീം കോടതി രജിസ്ട്രി ഗവർണറെ കക്ഷി ചേർത്തതിന് ചോദ്യം ചെയ്തത്.
എന്നാൽ അനുച്ഛേദം 200 -പ്രകാരം ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാലാണ് അദ്ദേഹത്തെ കക്ഷിചേർത്തതെന്നു കേരളം മറുപടി നൽകി. നവംബർ ഒന്നിന് രാത്രി കേരളസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ഗവർണ്ണറെ ഒന്നാം എതിർകക്ഷിയായി ചേർത്തിരുന്നു. കൂടാതെ കേസിലെ രണ്ടും മൂന്നും എതിർകക്ഷികളായി ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറിയെയും , കേന്ദ്ര സർക്കാറിനെയും ഉൾപ്പെടുത്തിയിരുന്നു. കേരള-സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ടു ഹർജി സമർപ്പിച്ചതു ചീഫ് സെക്രട്ടറിയും, ടി പി രാമകൃഷ്‌ണൻ എം എൽ എ യുമാണ്. അതേസമയം,ഗവർണറുടെ ഭരണഘടനാപരമായ പരിരക്ഷ കണക്കിലെടുത്തുകൊണ്ടാണ് സുപ്രീം കോടതി രജിസ്ടട്രി ഗവർണറെ എതിർകക്ഷിയാക്കുന്നതിനെ ചോദ്യം ചെയ്തത്.
സംസ്ഥാന സർക്കാരിന് ലഭിച്ച നിയമോപദേശ പ്രകാരം, ഗവർണറെ എതിർകക്ഷിയായി പരിഗണിക്കുന്നത് റിട്ടിന്റെ പ്രസക്തി വർദ്ധിപ്പിക്കുതായി കേരളം മറുപടൈ നൽകി. കൂടാതെ ബില്ലുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ഗവർണർ കാണിക്കുന്ന നിരുത്തരവാദിത്തം സര്ക്കാർ ചൂണ്ടിക്കാട്ടി . ഇത് ഗവർണറുടെ ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിലുള്ള വീഴ്ചയാണെന്നും സംസ്ഥാന സർക്കാർ വിലയിരുത്തുന്നു. ഹർജിൽ ഗവർണറെ കക്ഷി ചേർത്തതു ഉചിതമാണെന്നും ഹർജിയിൽ ഗവര്ണര്ക്കാണ് നിർദ്ദേശം നൽകേണ്ടതെന്നും സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി സുപ്രീം കോടതി രജിസ്ട്രിക്ക് മറുപടി നൽകി.
സർക്കാരിന്റെ വിശദീകരണം തൃപ്തികരമായതിനു പിന്നാലെ ഹർജിക്കു സുപ്രീം കോടതി രജിസ്ട്രി നമ്പർ നൽകി. എന്നാൽ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിക്കു ഗവർണർക്കെതിരെ ഹർജി ഫയൽ ചെയ്യാൻ അധികാരമില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
Discussion about this post