ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം മുതൽ ചർച്ച ചെയ്യുന്ന ടൈംഡ് ഔട്ട് വിവാദത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്. തനിക്കെതിരെ ടൈംഡ് ഔട്ട് അപ്പീൽ ചെയ്ത ബംഗ്ലാദേശ് ക്യാപ്ടൻ ഷക്കീബ് അൽ ഹസന്റെ പ്രവൃത്തിയെ അപമാനകരം എന്നാണ് മാത്യൂസ് വിശേഷിപ്പിച്ചത്. താൻ തെറ്റായി ഒന്നും ചെയ്തില്ലെന്നും കൃത്യസമയത്ത് ബാറ്റ് ചെയ്യാൻ തയ്യാറായിരുന്നുവെന്നും മാത്യൂസ് മത്സരശേഷം വിശദീകരിച്ചു.
ഞാൻ തെറ്റായി ഒന്നും ചെയ്തില്ല. എനിക്ക് തയ്യാറാകാൻ രണ്ട് മിനിറ്റ് സമയം ഉണ്ടായിരുന്നു. ആ സമയത്തിനുള്ളിൽ ഞാൻ തയ്യാറായി. എന്നാൽ അതിനിടെ എന്റെ ഹെൽമെറ്റ് തകരാറിലായി. ആ സമയത്ത് അവർ അപ്പീൽ ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നതിന് മുൻപ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. മാത്യൂസ് തുടർന്നു.
ഈ നിലയിലാണ് ബംഗ്ലാദേശ് ടീം ക്രിക്കറ്റിനെ സമീപിക്കുന്നതെങ്കിൽ പരമ ദയനീയം എന്നേ പറയാനാകൂ. ഏറ്റവും ദൗർഭാഗ്യകരം എന്നത്, അവർ അപ്പീൽ ചെയ്യുന്ന സമയത്തും എനിക്ക് അഞ്ച് സെക്കൻഡുകൾ കൂടി ബാക്കിയുണ്ടായിരുന്നു എന്നതാണ്. എനിക്കെതിരായ തീരുമാനം നിരാശാജനകമായിരുന്നു. മാത്യൂസ് വ്യക്തമാക്കി.
അതേസമയം, മാത്യൂസിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് മത്സരത്തിന്റെ ലൈവ് ദൃശ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. മാത്യൂസ് കൃത്യസമയത്ത് തന്നെ ക്രീസിൽ എത്തുന്നതും പന്ത് നേരിടാൻ തയ്യാറാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീടാണ് ഹെൽമെറ്റ് വിഷയം ഉണ്ടാകുന്നതെന്നും ദൃശ്യങ്ങളിൽ കാണാം.
ടൈംഡ് ഔട്ട് തീരുമാനം ഷക്കീബ് അൽ ഹസനോട് തനിക്ക് ഉണ്ടായിരുന്ന ബഹുമാനം ഇല്ലാതെയാക്കിയെന്നും മാത്യൂസ് തുറന്നടിച്ചു. നമ്മളെല്ലാം ക്രിക്കറ്റ് കളിക്കുന്നത് ജയിക്കാനാണ്. എന്നാൽ അത് മാന്യമായി കളിയെ സമീപിച്ചാണ് നേടിയെടുക്കേണ്ടതെന്നും മാത്യൂസ് വിശദീകരിച്ചു. ടൈംഡ് ഔട്ട് വിഷയത്തിൽ വിശദമായ ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും എയ്ഞ്ചലോ മാത്യൂസ് അറിയിച്ചു.
ഹെൽമെറ്റ് എന്നത് ബാറ്റ്സ്മാന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഹെൽമെറ്റ് ഇല്ലാതെ കളിക്കുന്നത് ഐസിസി മാർഗനിർദേശങ്ങളോടുള്ള അവഹേളനമാണ്. താൻ അതിന് തയ്യാറാകാതിരുന്ന സാഹചര്യം ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തുമെന്നും എയ്ഞ്ചലോ മാത്യൂസ് വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ഇന്നിംഗ്സിലെ ഇരുപത്തിനാലാം ഓവറിലായിരുന്നു മാത്യൂസിന്റെ വിവാദ പുറത്താകൽ. സദീര സമരവിക്രമ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ മാത്യൂസിന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ഈ ഹെൽമെറ്റ് മാറ്റാൻ മാത്യൂസ് സമയം എടുത്തതോടെ, ടൈം ഔട്ട് നിയമ പ്രകാരം ബൗളർ ഷക്കീബ് അൽ ഹസൻ അപ്പീൽ ചെയ്തു. ഇത് അമ്പയർ മറെ ഇരാസ്മസ് അനുവദിക്കുകയായിരുന്നു. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന ലേബലും പേറി മാത്യൂസ് മടങ്ങുകയായിരുന്നു.
ക്രീസിൽ എത്തിയാൽ മൂന്ന് മിനിറ്റിനുള്ളിൽ ബാറ്റ്സ്മാൻ ആദ്യ പന്ത് നേരിടാൻ തയ്യാറാകണം എന്നതാണ് ടൈം ഔട്ട് നിയമം. ലോകകപ്പിൽ ഈ സമയ പരിധി രണ്ട് മിനിറ്റാണ്. ഈ സമയ പരിധി മാത്യൂസ് മറികടന്നു എന്ന് ആരോപിച്ചാണ് ഷക്കീബ് അപ്പീൽ ചെയ്തത്. മാത്യൂസിന്റെ പുറത്താകലിന് കാരണമായ ഷക്കീബ് അൽ ഹസന്റെ അപ്പീൽ മാന്യന്മാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റിന് അപഖ്യാതി ഉണ്ടാക്കി എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ നിരീക്ഷണം. മാത്യൂസും ശ്രീലങ്കൻ ടീമും തുടർനടപടികളുമായി മുന്നോട്ട് പോയാൽ ബംഗ്ലാദേശിന് അത് തിരിച്ചടിയായേക്കും എന്നാണ് സൂചന.
Discussion about this post