ന്യൂഡൽഹി: ഇസ്രയേൽ- പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് റൈസി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ എല്ലാ സവിശേഷ സാദ്ധ്യതകളും ഉപയോഗിച്ച് സമാധാനത്തിന് വേണ്ടി ഇന്ത്യ നിലകൊള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കോളനിവത്കരണത്തിനും അധിനിവേശത്തിനുമെതിരെ പോരാടിയ മഹനീയ ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പിലാക്കാനും തടസ്സങ്ങൾ നീക്കി ദുരിതബാധിതർക്ക് സഹായമെത്തിക്കാനും ഇന്ത്യയുടെ ഇടപെടൽ കൂടി ഉണ്ടാകണമെന്നും റൈസി അഭ്യർത്ഥിച്ചു.
ഗ്ലോബൽ സൗത്തിന്റെ നേതൃത്വം കൈയ്യാളുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ നിലപാട് ലോകം സ്വീകരിക്കുമെന്ന് ഇന്ത്യയിലെ ഇറാനിയൻ സ്ഥാനപതി ഇറാജ് ഇലാഹി വ്യക്തമാക്കി. ആഗോള ധാർമികതയുടെയും വിശ്വമാനവികതയുടെയും പ്രതീകം എന്നാണ് അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത്. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാനവികതയ്ക്ക് വേണ്ടി നിലനിൽക്കുന്ന നിലപാടാണ് ചരിത്രത്തിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതെന്നും ഇലാഹി കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധം തന്ത്രപ്രധാനമാണെന്ന് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭീകരാക്രമണങ്ങളും അക്രമങ്ങളും ആൾനാശവും അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണെന്ന് ഇറാനിയൻ പ്രസിഡന്റിനെ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അക്രമങ്ങൾക്ക് തടയിടുക, മാനുഷിക സഹായങ്ങൾ തുടരുക, പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനസ്ഥാപിക്കുക, മേഖലയിൽ സ്ഥിരത ഉറപ്പ് വരുത്തുക എന്നിവയും പ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ചബഹാർ തുറമുഖം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പുരോഗതി വിലയിരുത്തിയതായും ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ആഹ്വാനം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post