കൊച്ചി: ദേശീയ പുരസ്കാരം നേടിയ സൂപ്പർ ഹിറ്റ് ഉണ്ണി മുകുന്ദൻ ചിത്രമായ ‘മേപ്പടിയാൻ‘ ഒരുക്കിയ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കഥ ഇന്നുവരെ‘. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിന്റെ സെറ്റിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
രാവിലെ ആറരയ്ക്ക് മുമ്പ് ഷൂട്ടിംഗ് സെറ്റിലെത്തി പ്രൊഡക്ഷൻ മാനേജർമാരെ കണ്ട് അവസരം ചോദിച്ച ഒരു കുട്ടിയാണ് സംഭവത്തിലെ നായകൻ. എന്നാൽ, ഹൈസ്ക്കൂൾ കുട്ടികളുടെ ടേക്സ് ആണ് എടുക്കുന്നതെന്നും അതിനാൽ അവസരം നൽകാൻ നിർവ്വാഹമില്ലെന്നും പ്രൊഡക്ഷൻ മാനേജർ അറിയിച്ചു. ഇതിന് മറുപടിയായി, ‘ഞാൻ നന്നായി അഭിനയിക്കും.. സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ‘ എന്ന ചോദ്യവുമായി കുട്ടി അവിടെ തന്നെ നിലയുറപ്പിച്ചു.
ഇതോടെ, പ്രൊഡക്ഷൻ മാനേജർ നിതീഷ്, കുട്ടിയെ സംവിധായകൻ വിഷ്ണു മോഹന്റെ അടുത്തേക്ക് പറഞ്ഞയച്ചു. കുട്ടിയുടെ അഭിനയ താത്പര്യം കണ്ടറിഞ്ഞ വിഷ്ണു, അവന് അവസരം നൽകാൻ തയ്യാറായി. നാളെ കഴിഞ്ഞ് പീടിക കടയിൽ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇതോടെ, തെളിഞ്ഞ മുഖവുമായി ചായ കുടിക്കാൻ തയ്യാറായ കുട്ടിയെ സെറ്റിൽ ഏവരും അഭിനന്ദിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് സിനിമാ ലോകം.












