ലക്‌നൗ : ഉത്തര്‍പ്രദേശ് അടിമുടി മാറുകയാണ്. വികസനത്തിലടക്കം വന്‍ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ച വയ്ക്കുന്നത്. അതിനൊപ്പം അധിനിവേശ ശക്തികളുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കി ഭാരതത്തിന്റെ സ്വത്വം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് യോഗി സര്‍ക്കാര്‍ നടത്തിവരുന്നത്. ഇപ്പോഴും മുഗള്‍ രാജ വംശത്തിന്റെ ബാക്കി പത്രങ്ങളായി നിലനില്‍ക്കുന്നത് സ്ഥലനാമങ്ങളാണ്. അവയും പതുക്കെ പുനര്‍നാമകരണം ചെയ്ത് ഭാരതം അതിന്റെ തനിമ വീണ്ടെടുക്കുന്ന പാതയിലാണ്.
അലഹബാദിനും ഫൈസാബാദിനും പുറമേ അലിഗഢും ഇപ്പോള്‍ പേര് മാറ്റത്തിന് തയ്യാറെടുക്കുകയാണ്. അലിഗഢ് എന്നത് ഇനിമുതല്‍ ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദ്ദേശം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഐക്യകണ്‌ഠേന പാസാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മേയര്‍ പ്രശാന്ത് സിംഗാള്‍ അവതരിപ്പിച്ച നിര്‍ദേശത്തെ എല്ലാ കൗണ്‍സിലര്‍മാരും പിന്തുണച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൂടി അംഗീകരിച്ചാല്‍ നഗരത്തിന്റെ പേര് ഔദ്യോഗികമായി ഹരിഗഢ് എന്നായി മാറും.
ഇതോടെ സംസ്ഥാനത്ത് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്ഥലങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. 2019 ജനുവരിയില്‍ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇത്തരത്തില്‍ പല സ്ഥലങ്ങളെയും പുനര്‍ നാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മുഗള്‍ സരായിയെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ് നഗര്‍ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോദ്ധ്യ എന്നും മാറ്റിയിരുന്നു.
വളരെ നാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു അലിഗഢ് എന്നത് ഹരിഗഢ് എന്നാക്കി മാറ്റണമെന്നത് എന്ന് മേയര്‍ പശാന്ത് സിംഗാള്‍ പറഞ്ഞു. മുന്‍സിപ്പല്‍ ബോഡി നിര്‍ദിഷ്ട പേര് മാറ്റ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന് പ്രമേയം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയക്കും. മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും പ്രമേയം അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി പേര് മാറ്റാം. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രശാന്ത് സിംഗാള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post