തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നു. ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടാംഘട്ട അന്വേഷണം സിപിഎം ഉന്നതരിലേക്ക് കടക്കുന്നതായി സൂചന.
രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളതാണ് നോട്ടീസ്. ഈ മാസം 29ന് ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നാണ് എം എം വർഗീസിന് ലഭിച്ചിട്ടുള്ള നോട്ടീസ്. മുൻ എം പി പി കെ ബിജു, കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ എന്നിവരടക്കമുള്ള കരുവന്നൂർ ബാങ്കുമായി ബന്ധമുള്ള സിപിഎമ്മിന്റെ തൃശ്ശൂരിലെ മറ്റു നേതാക്കളെയും രണ്ടാംഘട്ടത്തിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ആദ്യഘട്ട അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള സാക്ഷി മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട അന്വേഷണം നടക്കുന്നത്. സാക്ഷി മൊഴികൾ അനുസരിച്ച് കരുവന്നൂർ സഹകരണ ബാങ്കിന് 2 മിനിട്ട്സുബുക്കുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒന്നു സൂക്ഷിച്ചിരുന്നത് സിപിഎം നേതൃത്വമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുള്ളത്.
Discussion about this post