തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പോലീസുകാർക്ക് നേരെ കല്ലേറുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. കല്ലെറിഞ്ഞയാളുൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആസ്വദിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസവും ഇവിടെ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 12 മണിയ്ക്ക് ശേഷം മൈക്ക് ഓഫ് ചെയ്യാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ഒരു സംഘം അനുസരിച്ചില്ല. ഇതിനിടെ മറ്റൊരു സംഘം ഇതിൽ ഇടപെടുകയായിരുന്നു. ഇതോടെയാണ് സംഘർഷം ഉണ്ടായത്.
ഇതിനിടെ പോലീസിന് നേരെ കസേര ഏറ് ഉണ്ടായി. തുടർന്ന് ഇത് പരിഹരിക്കാൻ പോലീസിന് നേർക്ക് കല്ലേറുണ്ടാകുകയായിരുന്നു. ഇതിൽ നെട്ടയം സ്വദേശിനിയായ രാജിയ്ക്ക് പരിക്കേറ്റു. ഇവരെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് വലിയ തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടിരുന്നത്. ഇതിനിടെയായിരുന്നു സംഘർഷം.
കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും സംഘർഷം ഉണ്ടാകുന്നത്.
Discussion about this post