ടെല്‍ അവീവ് : അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിനെതിരെ തൊടുത്ത് വിട്ടത് പതിനായിരത്തോളം റോക്കറ്റുകള്‍. ഇസ്രയേല്‍ വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 9,500 ലധികം റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തു വിട്ടത്.
എന്നാല്‍ കണക്കുകള്‍ അന്തിമമല്ലെന്നും നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഇസ്രയേല്‍ വിദേശകാര്യം മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച മുഴുവന്‍, മധ്യ ഇസ്രായേലിലും ഗാസയുടെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളിലും ഒന്നിലധികം തവണ വ്യോമാക്രമണത്തിന് ഗാസ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ആക്രമണം തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒക്ടോബര്‍ 7 മുതല്‍ ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രായേലില്‍ 1,400 പേര്‍ കൊല്ലപ്പെട്ടു. 7,198 പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം വരെ, 342 പേര്‍ നിലവില്‍ ആശുപത്രിയില്‍ തുടരുകയും ചെയ്യുന്നു. ഇതില്‍ 51 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഇസ്രായേലി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post