ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് നേരിട്ട് ജൻമദിന ആശംസകൾ നേർന്ന് അനുഗ്രഹം വാങ്ങി സുരേഷ് ഗോപി. സമൂഹമാദ്ധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
അദ്വാനിയുടെ കാൽക്കൽ പ്രണമിച്ചാണ് അദ്ദേഹത്തോടുളള ആദരവ് താൻ പ്രകടിപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജൻമദിനത്തിൽ അദ്ദേഹത്തെ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അദ്വാനിയുടെ വിശ്രമ മുറിയിൽ സൂക്ഷിച്ചിട്ടുളള അദ്ദേഹത്തിന്റെ ജീവിതയാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും എബി വാജ്‌പേയിയുമൊത്ത് നിൽക്കുന്ന പെയിന്റിംഗും സുരേഷ് ഗോപി പങ്കുവെച്ചു. ഈ ചിത്രങ്ങൾ തന്റെ ശ്രദ്ധയാകർഷിച്ചു. ഇരുവരുടെയും ചരിത്ര നിമിഷങ്ങൾ വീണ്ടും കാണാനൊത്തത് തന്നെ വികാരഭരിതനാക്കിയെന്നും സുരേഷ് ഗോപി കുറിച്ചു.
80 ലും 90 ലും ഇന്ത്യയെ വീണ്ടെടുത്തവർ, അതികായർ, ഭാരത മഹാഭാരതത്തിന്റെ ഭീഷ്മാചാര്യൻമാർ എന്ന വിശേഷണങ്ങളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അദ്വാനിയുടെ 96 ാം ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ തുടങ്ങിയവരും അദ്ദേഹത്തിന് ആശംസ നേർന്നിരുന്നു.
Discussion about this post