പട്‌ന: പലവിധ മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും. വിരുതന്മാരായ കള്ളന്മാർ ഉപ്പ് തൊട്ട് കർപ്പൂരം വരെയും സ്വർണം തൊട്ട് ഭീമൻ വാഹനങ്ങൾ വരെയും മോഷ്ടിക്കാറുണ്ട്. എന്നാൽ റോഡ് മോഷണം പോയതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? റോഡെങ്ങനെ മോഷ്ടിക്കാനാണ് അതിന് അതൊരു വസ്തുവാണോ എന്ന് ചോദിക്കാൻ വരട്ടെ, വേണമെങ്കിൽ റോഡും മോഷ്ടിക്കപ്പെടാം എന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമം. വിചിത്രമായ ഈ മോഷണകൃത്യത്തിന്റെ പേരിൽ ഈ ഗ്രാമം കുപ്രസിദ്ധി നേടിക്കഴിഞ്ഞു.
നിർമ്മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റർ റോഡാണ് മോഷണം പോയത്. കോൺക്രീറ്റ് ഉപയോഗിച്ചായിരുന്നു റോഡ് നിർമ്മാണം. ഇത് ഉണങ്ങുന്നതിന് മുമ്പ് ഗ്രാമവാസികൾ ചാക്കിലും ബക്കറ്റുകളിലും നിറച്ച് എടുത്തു കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
മൂന്ന് കിലോമീറ്ററോളം കോൺക്രീറ്റ് ഇട്ട് നിർമ്മാണ തൊഴിലാളികൾ പോയതിന് ശേഷമാണ് സംഭവം.ഗ്രാമവാസികൾ ഇത് കോരിയെടുത്ത് കുട്ടയിലാക്കി തടിതപ്പുകയായിപുന്നു. റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും വരെ ഗ്രാമവാസികൾ വീടുകളിലേക്ക് കൊണ്ടുപോയി.
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിർമാണം ആരംഭിച്ചത്. രണ്ട് മാസം മുമ്പ് ആർജെഡി എംഎൽഎ സതീഷ് കുമാറാണ് റോഡ് നിർമാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
Discussion about this post