ഇടുക്കി :മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ബാങ്കുകളിൽ നടക്കുന്നത്. സഹകരണ മേഖലയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും എം എം മണി. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ ഇഡി നടത്തുന്ന അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ വാക്കുകൾ. വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ സഹകരണ മേഖലയാകെ പ്രശ്നത്തിലാണെന്ന് കരുതരുത്. ഇ ഡി യെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്. ബാങ്കുകളെ മാത്രമല്ല, രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഇഡി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിലെ രണ്ടാംഘട്ട അന്വേഷണത്തിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.ഇതിന് പിന്നാലെയാണ് എം എം മണി ഇ ഡി യ്ക്കെതിരെ വിമർശനവുമായി എത്തിയത്. ചോദ്യം ചെയ്യുന്നതിനായി ഈ മാസം 25 ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് എംഎം വര്‍ഗീസിന് ഇ ഡി നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ബാങ്കിൽ നിന്നും ബിനാമി വായ്പകൾ അനുവദിച്ചതിലാണ് ചോദ്യം ചെയ്യുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ ഉന്നതനേതാക്കളുടെ അറിവോടെയാണ് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുള്ളതെന്ന് ഇ ഡിയുടെ ആദ്യ ഘട്ട കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 55 പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്.
Discussion about this post