ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് യുവതിയെ ആക്രമിച്ചതായി വിവരം. ദക്ഷിണകൊറിയയിലാണ് സംഭവം. മുടിയുടെ നീളം കുറവായതിനാൽ ഫെമിനിസ്റ്റാണെന്ന് ധരിച്ചാണ് യുവാവ് ആക്രമണം നടത്തിയത്.
ദക്ഷിണകൊറിയയിലെ സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ഒരു കടയിൽ ജോലി ചെയ്ത് വരികയായിരുന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. മുടി നീളം കുറഞ്ഞതിന്റെ പേരിൽ ഫെമിനിസ്റ്റാണ് എന്നും പറഞ്ഞ് അക്രമിച്ചത്. സിസിടിവിയിൽ യുവാവ് സ്ത്രീയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
‘നിനക്ക് ചെറിയ മുടിയാണ്. അപ്പോൾ നീ ഒരു ഫെമിനിസ്റ്റ് ആയിരിക്കണം. ഞാനൊരു മെയിൽ ഷോവനിസ്റ്റാണ്. ഫെമിനിസ്റ്റുകൾ ഞങ്ങളുടെ അക്രമത്തിന് അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും പറഞ്ഞാണ് ഇയാൾ സ്ത്രീ തൊഴിലാളിയെ ഇടിക്കുകയും ചവിട്ടുകയും ചെയ്തത്. അക്രമത്തെ തുടർന്ന് 20 കാരിയായ യുവതിയുടെ ചെവിക്കും ലിഗമെന്റിനും പരിക്കേറ്റിട്ടുണ്ട്.അക്രമസമയത്ത് യുവാവ് മദ്യലഹരിയിലാണെന്നും കൂടാതെ കുറച്ചുകാലമായി ഇയാൾ സ്‌കീസോഫ്രീനിയ (ചിത്തഭ്രമം)യ്ക്ക് ചികിത്സയെടുക്കുന്നുണ്ട് എന്നും പോലീസ് പറയുന്നു.
ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫെമിനിസ്റ്റ്, ഫെമിനിസം എന്നിവയെല്ലാം ഇപ്പോഴും ദക്ഷിണ കൊറിയയിൽ വെറുക്കപ്പെടുന്ന വാക്കുകളാണ്. ഫെമിനിസം മോശം ആശയമായും ഫെമിനിസ്റ്റുകളെ മോശം സ്ത്രീകളായും മിക്കവാറും ആളുകൾ കണക്കാക്കാറുണ്ട്.
Discussion about this post