കുട്ടികളുടെ മനസ്സുള്ളൊരു കൊച്ചു ചിത്രം, അതാണ് ‘തോൽവി എഫ്‍സി’. തോറ്റുപോയവരുടെ ഹൃദയമിടിപ്പുകള്‍ക്കൊപ്പമാണ് ഈ സിനിമയുടെ പക്ഷം. ഷറഫുദ്ദീനും ജോണി ആന്‍റണിയും മുഖ്യ വേഷത്തിലെത്തിയിരിക്കുന്ന ‘തോൽവി എഫ്‍സി’ കുട്ടികളുടേയും കുടുംബങ്ങളുടേയും പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ്. കുടുംബം, പ്രണയം, ജോലി, സ്‌പോർട്‌സ്‌മാൻഷിപ്പ്, ജയപരാജയങ്ങള്‍, മൊബൈലുകളുടെ കടന്നുകയറ്റം, വ്യക്തിത്വ വികസനം, ചതിക്കുഴികള്‍ തുടങ്ങി ഒട്ടേറെ മേഖലകളിലൂന്നിയാണ് ഈ സിനിമയുടെ തിരക്കഥ ജോർജ്ജ് കോര ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനവും ജോർജ്ജ് കോര തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
കുരുവിള (ജോണി ആന്‍റണി), ശോശ (ആശ മഠത്തിൽ), ഉമ്മൻ (ഷറഫുദ്ദീൻ), തമ്പി (ജോർജ് കോര) എന്നിവരടങ്ങുന്നതാണ് കുരുവിള കുടുംബം. ഓഹരി കച്ചവടത്തിലെ സാമ്പത്തിക ഇടപാടിൽ കുരുവിളക്ക് വലിയ നഷ്ടം സംഭവിക്കുന്നു. ഒരു ലൈബ്രേറിയനായ ശോശ എന്നെങ്കിലും താനൊരു നോവലിസ്റ്റായി മാറുമെന്ന സ്വപ്നത്തിന് പിന്നാലെയാണ്. എഞ്ചിനീയറായ ഉമ്മൻ ബാംഗ്ലൂരിലെ ഐടി ജോലി വിട്ട് നാട്ടിൽ കോഫി ഷോപ്പ് നടത്തുകയാണ്. തമ്പി കുട്ടികളുടെ ഫുട്ബോൾ പരിശീലകനായി അവരോടൊപ്പമാണ്.
ഇവരുടെ ജീവിതത്തിലേക്ക് മറിയം, ഷെർമിൻ, റിസ്വാൻ, അപർണ, അബു, അൽത്താഫ് തുടങ്ങിയ ഏതാനും കഥാപാത്രങ്ങള്‍ കടന്നുവരുന്നതോടെ നടക്കുന്ന സംഭവങ്ങളാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഏറെ സൂക്ഷ്മമായി ഓരോ രംഗവും കാഴ്ചക്കാരന്‍റെ ഉള്ളം തൊടുന്ന വിധത്തിൽ ലളിതമായും എന്നാൽ ഏറെ ഹൃദയസ്പർശിയുമായാണ് ഒരുക്കിയിരിക്കുന്നത്. സരസമായ രീതിയിൽ ഒട്ടും വലിച്ചുനീട്ടാതെ കുട്ടികള്‍ക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമ്മിച്ചിരിക്കുന്നത്. ശ്യാമപ്രകാശിന്‍റെ ഛായാഗ്രഹണവും ലാൽ കൃഷ്ണയുടെ എഡിറ്റിംഗും മികച്ചുനിൽക്കുന്നതാണ്. സിബി മാത്യു അലക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും സിജിൻ തോമസും വിഷ്ണു വർമ്മയും കാർത്തിക് കൃഷ്ണനും ഒരുക്കിയിരിക്കുന്ന പാട്ടുകളും സിനിമയെ ഏറെ ഹൃദ്യമാക്കിയിട്ടുണ്ട്. ആദ്യാവസാനം ഒരു ഫീൽഗുഡ് ഫാമിലി കോമഡി ഡ്രാമയാണ് തോൽവി എഫ്‍സി.
Discussion about this post