തിരുവനന്തപുരം: സിപിഐ നേതാവ് ഭാസുരാംഗനെതിരെ പാർട്ടി നടപടി. ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി.
സിപിഐ ജില്ലാ സെക്രട്ടറി മാങ്ങോട് രാധാകൃഷ്ണനാണ് ഇക്കാര്യം മാദ്ധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയത്. കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ഗൗരവമുള്ളതാണെന്ന് യോഗം വിലയിരുത്തി. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്. ഇഡിയുടെ നിയപരമായ അന്വേഷണം മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇയാളെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെതിരെ നടപടി സ്വീകരിക്കാനായി സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ ഇഡി കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിലാണ് വേഗത്തിൽ നടപടി സ്വീകരിച്ചത്.
അതേസമയം സഹകരണ ബാങ്കിൽ പരിശോധന തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയ്ക്ക് ശേഷം ഇഡി ഭാസുരാംഗനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗൻ ചികിത്സയിൽ തുടരുകയാണ്.
Discussion about this post