എറണാകുളം: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസ്ഫാഖ് ആലം കോടതിയില്‍. മനഃപരിവർത്തനത്തിന് അവസരം തരണമെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവുനൽകണമെന്നും പ്രതി അസ്ഫാഖ് ആലം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല്‍ എറണാകുളം പോക്സോ കോടതിയിൽ വാദം തുടരുകയാണ്.
അതേസമയം, പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം, മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് മറവു ചെയ്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, മൃതദേഹത്തോടുള്ള അനാദരം തുടങ്ങി ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയും ജീവപര്യന്തം തടവും വരെ ശിക്ഷിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
Discussion about this post