കറാച്ചി: 80 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലെ മാലിർ ജയിലിൽ നിന്ന് പാകിസ്താൻ വ്യാഴാഴ്ച മോചിപ്പിച്ചു. അനധികൃത വിദേശ കുടിയേറ്റക്കാരെയും, പൗരന്മാരെയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പാകിസ്താൻ സർക്കാരിന്റെ തുടർച്ചയായ നീക്കത്തിന് ഭാഗമായാണ് ഈ നടപടി. കനത്ത സുരക്ഷയിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതെന്നു അധികൃതർ അറിയിച്ചു.
മോചിക്കപെട്ട ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അല്ലാമാ ഇഖ്ബാൽ എക്‌സ്പ്രസ് ട്രെയിനിലാണ് കയറ്റിയതെന്നും ഇവരെ നാളെ ലാഹോറിൽ എത്തിക്കുമെന്നും പാകിസ്താനുമായി ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് വാഗാ അതിർത്തിയിൽ വെച്ച് ഇന്ത്യൻ അധികൃതർക്ക് 80 മത്സ്യത്തൊഴിലാളികളെയും കൈമാറുമെന്നും മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
മോചിക്കപെട്ട മത്സ്യത്തൊഴിലാളികൾ ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും , അവർ നാട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷത്തിലാണെന്നും ഈദി വെൽഫെയർ ട്രസ്റ്റ് അധികാരി ഫൈസൽ ഈദി പറഞ്ഞു. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ലാഹോറിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്തതു ഫൈസൽ ഈദിയുടെ നേതൃത്വത്തിലുള്ള ഈദി വെൽഫെയർ ട്രസ്റ്റാണ്. കൂടാതെ നാട്ടിലേക്ക് മടങ്ങുന്നവർക്ക് പണവും മറ്റു സഹായങ്ങളും ട്രസ്റ്റ് നൽകിയതായും അദ്ദേഹം പറഞ്ഞു.
സമുദ്രാതിർത്തി കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാൽ അതിർത്തി ലംഘനം നടന്നാൽ മത്സ്യത്തൊഴിലാളികളെ പാകിസ്താനും ഇന്ത്യയും അറസ്റ്റ് ചെയ്യുന്നത് പതിവാണ്.
Discussion about this post