ബ്രിസ്റ്റൾ: യുകെയിലെ ഹിന്ദു മലയാളികളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ (ഓം യുകെ) വർഷാവർഷം നടത്തിവരുന്ന കുടുംബ ശിബിരം ബ്രിസ്റ്റളിനടുത്തു ഡിവൈസസിൽ വച്ച് നടന്നു. ഒക്ടോബർ 28-29 തീയതികളിലായിരുന്നു ശിബിരം . സ്‌കോട്‌ലൻഡ് മുതൽ കോൺവാൾ വരെ യുകെയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഇരുനൂറോളം മലയാളികൾ ശിബിരത്തിൽ പങ്കെടുത്തു.
ഗുരു നാരായണ ശിബിരം എന്നതായിരുന്നു ഈ വർഷത്തെ ശിബിരനാമം. ശ്രീ നാരായണ ഗുരുദേവന്റെ ജീവിതത്തെയും ദർശനങ്ങളെയും പറ്റി ആഴത്തിൽ അറിവുണ്ടാക്കുവാൻ ഉതകുന്ന വിധം ആയിരുന്നു ശിബിരത്തിലെ കാര്യപരിപാടികൾ . രണ്ടു ദിവസം നീണ്ടുനിന്ന ഓം യുകെ കുടുംബസംഗമവും ശിബിരത്തൊടൊപ്പം നടന്നു.
ഭാരതത്തിന്റെ അദ്ധ്യാത്മികവും സാമൂഹ്യവുമായ ചരിത്രത്തിൽ ഗുരുദേവനെ പോലെ ഗരിമയുള്ള വ്യക്തിത്വങ്ങൾ വളരെ ചുരുക്കമാണ്. പക്ഷേ സാക്ഷാൽ പരദൈവമായ ആ അവതാര പുരുഷന്റെ ജീവിതത്തെപ്പറ്റിയും സന്ദേശങ്ങളെ പറ്റിയും പൂർണ്ണമായ അറിവ് മലയാളികളായവർക്ക് പോലുമില്ല എന്നത് സങ്കടകരമാണ്. അതുകൊണ്ടാണ് ഈ വർഷത്തെ ഓം യുകെ ശിബിര വിഷയം ശ്രീനാരായണഗുരുദേവൻറെ ജീവിതവും ദർശനങ്ങളും എന്ന് തീരുമാനിച്ചതെന്ന് ശിബിര കാര്യവാഹ് സുഭാഷ് ശശിധരൻ പറഞ്ഞു.
കളികളിലൂടെയും, ചർച്ചകളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും ഗുരുദേവ ദർശനത്തെ പറ്റി അംഗങ്ങൾക്ക് ആഴത്തിൽ അറിവുണ്ടാക്കാൻ പരിപാടിക്ക് കഴിഞ്ഞു. യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഡോക്ടർ സച്ചിൻ നന്ദ ‘ധർമ്മം – വ്യക്തി – സംഘടന’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സനാതന ധർമ്മത്തെപ്പറ്റിയും യുകെയിൽ ധർമ്മത്തെ അടിസ്ഥാനമാക്കിയ ഒരു ജീവിതരീതി പിന്തുടരുമ്പോൾ നേരിടുന്ന അനുഭവങ്ങളെ പറ്റിയും ഉള്ള കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്ടർ സച്ചിൻ നന്ദ മറുപടി നൽകി. യുകെയിൽ ജനിച്ച് വളർന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയ ആളാണ് മുഴുവൻ സമയ സനാതന ധർമ്മ പ്രചാരകനായ ഡോക്ടർ സച്ചിൻ നന്ദ.
ഗുരുദേവന്റെ ജീവിതത്തെയും ദർശനങ്ങളേയും പറ്റി ഒരു പ്രദർശനവും ഒരുക്കിയിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും , ഗുരുദേവന്റെ പ്രധാന കൃതികളും അടങ്ങിയ കൈപ്പുസ്തവും ശിബിരത്തിൽ പങ്കെടുത്തവർക്കെല്ലാം നൽകിയിരുന്നു.ശിബിരത്തിനെത്തിയ കുട്ടികൾ ഗുരുദേവന്റെ അരുവിപ്പുറം ശിവ പ്രതിഷ്ഠയെ പറ്റി പഠിക്കുകയും ശിവപ്രതിഷ്ഠയുടെ മാതൃക ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ തത്വം മനസ്സിലാക്കിക്കൊടുക്കാൻ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്രശ്‌നോത്തരിക്കളിയും നടത്തി.
യുകെയിൽ താമസിക്കുന്ന മലയാളികളായ ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഓം യു കെ. 2016 ൽ സമാനമനസ്‌കരുടെ ചെറിയ വാട്‌സാപ് ഗ്രൂപ്പായാണ് ഓം യുകെ പ്രവർത്തനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ഏഴ് കൊല്ലത്തോളമായി യുകെയുടെ എല്ലാ ഭാഗങ്ങളിലും ഓം യുകെ സജീവമായി പ്രവർത്തനരംഗത്തുണ്ട്.
എല്ലാ കൊല്ലവും നടത്തുന്ന ഏകദിന ശിബിരങ്ങളായിരുന്നു ഓം യുകെയുടെ ആദ്യത്തെ കാര്യപരിപാടി. 2018ൽ ബെർമിങ്ഹാമിൽ വച്ചും 2019 മാഞ്ചസ്റ്ററിൽ വച്ചും 2020ൽ കേംബ്രിഡ്ജിൽ വച്ചും ഓം യുകെ ഏകദിന ശിബിരങ്ങൾ നടത്തിയിരുന്നു.
യുകെയിൽ അനേകം ഹിന്ദു സമാജങ്ങളും സംഘടനകളും ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഓം യുകെ . ഹിന്ദു സമാജത്തിലെ വിവിധ വിഭാഗങ്ങൾക്കും സംഘടനകൾക്കും സമാന്തരമായല്ല, പകരം എല്ലാ സംഘടനകൾക്കും കൂട്ടായ്മകൾക്കും പരസ്പര പൂരകമായി പ്രവർത്തിക്കുകയാണ് ഓം യുകെയുടെ ലക്ഷ്യം.
ഓം യുകെയുടെ പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാൻ 07850758720 എന്ന നമ്പരിൽ ബന്ധപ്പെടുക .
Discussion about this post