മുംബൈ: പൂനെയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രം രൂപീകരിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കേരളത്തിലും എത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കുറ്റപത്രത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ വെളിപ്പെടുത്തലുകൾ.
ഭീകരാക്രമണം നടത്തുന്നതിന് വേണ്ടിയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇവർ കേരളത്തിൽ എത്തിയത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗോവ, കർണാടക, എന്നീ സംസ്ഥാനങ്ങളിലും ഇവർ എത്തിയിരുന്നു. നിരീക്ഷണത്തിനായി ഡ്രോൺ ക്യാമറ ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കേസിൽ ഇതുവരെ 15 ഓളം പ്രതികൾ അറസ്റ്റിലായിരുന്നു. ഇവരുടെ ഫോൺ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ചില നിർണായക വിവരങ്ങൾ വിദേശത്തേക്ക് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി നാലായിരം പേജുള്ള കുറ്റപത്രം ആണ് സമർപ്പിച്ചിട്ടുള്ളത്.
പൂനെയിൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച സംഘം പിടിയിലായതോടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവരം എൻഐഎയ്ക്ക് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ സ്വദേശിയായ നബീൽ മുഹമ്മദ് ഉൾപ്പെടെ അറസ്റ്റിലായിരുന്നു.
Discussion about this post