കൊച്ചി: കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി.യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്.യു സ്ഥാനാർത്ഥി ശ്രീകുട്ടൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു.
റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്‌ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി.
റീ കൗണ്ടിങിൽ, അസാധു വോട്ടുകൾ സാധുവായി പരിഗണിച്ചെന്നും, ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവകലാശാല നിലപാടെടുത്തത്.












