കോഴിക്കോട്: മീഡിയ വൺ ലേഖിക നൽകിയ പരാതിയിൽ മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാദ്ധ്യമപ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. ഇത് കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സുരേഷ് ഗോപി മോശമായി പെരുമാറി എന്നാണ് പരാതി. തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മീഡിയ വൺ ലേഖിക പരിഹസിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.
ചോദ്യങ്ങൾക്ക് സൗഹൃദരൂപത്തിൽ മറുപടി പറയുന്നതിനിടെ യാദൃശ്ചികമായി ഉണ്ടായ സംഭവം വളച്ചൊടിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ നടനെതിരെ ആയുധമാക്കുകയുമായിരുന്നു. മീഡിയ വൺ ലേഖികയുടെ ശരീരത്തിൽ അനുവാദമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചുവെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ആദ്യം മാപ്പ് പറയണമെന്ന് ആയിരുന്നു പരാതിക്കാരുടെ ആവശ്യം. പിറ്റേന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രവൃത്തിയിൽ ദുരുദ്ദേശ്യമില്ലായിരുന്നുവെന്നും വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും തെറ്റായി തോന്നിയെങ്കിൽ മാപ്പ് പറയുന്നുവെന്നും നടൻ അറിയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.












