ന്യൂയോർക്ക്: ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഉൾപ്പെടുത്തിയ ഗാനത്തിന് ഗ്രാമി നാമനിർദ്ദേശം ലഭിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായിക ഫൽഗുനി ഷാ. പ്രധാനമന്ത്രി എഴുതി തയ്യാറാക്കി അവതരിപ്പിച്ച പ്രസംഗമാണ് ‘എബൻഡൻസ് ഇൻ മില്ലെറ്റ്സ്‘ എന്ന ഗാനത്തിൽ ഫൽഗുനി ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകരാജ്യങ്ങളുടെ പട്ടിണി മാറ്റാൻ ബദൽ മാർഗം എന്ന നിലയിൽ മില്ലെറ്റിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. 2023നെ അന്താരാഷ്ട്ര മില്ലെറ്റ് വർഷമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പ്രധാനമന്ത്രി മോദി നൽകിയ ശുപാർശയാണ് ഗാനത്തിന് പ്രചോദനമായതെന്ന് ഫൽഗുനി ഷായും ഭർത്താവ് ഗൗരവ് ഷായും പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസത്തിലെ അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ‘എബൻഡൻസ് ഇൻ മില്ലെറ്റ്സ്‘ എന്ന ഗാനത്തിന്റെ ആൽബം കവർ പ്രകാശനം ചെയ്തത്. ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ മില്ലെറ്റ് വിളകളുടെ ആഗോള പ്രചാരണത്തിനും കർഷകരുടെ ഉന്നമനത്തിനും ഗാനം ഉപകരിക്കട്ടെയെന്ന് അന്ന് പ്രധാനമന്ത്രി ആശംസിച്ചിരുന്നു. സംഗീതത്തിലൂടെ ഇന്ത്യൻ- അമേരിക്കൻ ചിന്താധാരകളെ സമന്വയിപ്പിക്കാനുള്ള ഫൽഗുനിയുടെ ശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
2022ൽ കുട്ടികൾക്കുള്ള സംഗീത ആൽബം വിഭാഗത്തിൽ ഗ്രാമി പുരസ്കാരം നേടിയ ഗായികയാണ് ഫൽഗുനി ഷാ. ‘എ കളർഫുൾ വേൾഡ്‘ എന്ന ഗാനത്തിന് അന്ന് നേട്ടം കൈവരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം തേടിയെത്തിയത് അപ്രതീക്ഷിതവും അഭിമാനകരവുമായ അനുഭവമായിരുന്നു എന്ന് ഫൽഗുനി പ്രതികരിച്ചിരുന്നു.
Discussion about this post