കൊൽക്കത്ത: തനിക്ക് സുഖമില്ലെന്നും ഭാഗികമായോ പൂർണമായോ തളർവാതം വരാൻ സാദ്ധ്യതയുണ്ടെന്നും റേഷൻ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്. പരിശോധനകൾക്ക് വേണ്ടി ആശുപത്രിയിൽ കൊണ്ട് പോകവേ മാദ്ധ്യമ പ്രവർത്തകരോടായിരുന്നു മന്ത്രിയുടെ വാക്കുകൾ.
റേഷൻ വിഹിതത്തിലെ തിരിമറിയിലൂടെ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതിനാണ് ഒക്ടോബർ 27ന് ഇഡി മല്ലിക്കിനെ അറസ്റ്റ് ചെയ്തത്. മല്ലിക്കിന്റെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയ ഇഡി വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു.
‘എന്റെ ആരോഗ്യസ്ഥിതി മോശമാണ്. വലതുകാലിന് പ്രശ്നമുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്നത് ബുദ്ധിമുട്ടായി തോന്നുകയാണ്.‘ മല്ലിക് പറഞ്ഞു.
താൻ വലിയ ഗൂഢാലോചനയുടെ ഇരയാണ് എന്നായിരുന്നു അറസ്റ്റിനെ തുടർന്ന് മല്ലിക്കിന്റെ ആദ്യ പ്രതികരണം. അദ്ധ്യാപക നിയമന അഴിമതി, കന്നുകാലിക്കടത്ത്, കൽക്കരി അഴിമതി, നിയമന കുംഭകോണം, ചിട്ടി തട്ടിപ്പ് എന്നിവക്ക് പിന്നാലെ ബംഗാളിലെ മമത സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ കേസാണ് റേഷൻ അഴിമതി.
അതേസമയം, ജ്യോതിപ്രിയ മല്ലിക്കിന് മതിയായ ചികിത്സ ഉറപ്പ് വരുത്തണമെന്ന് ഇഡിക്ക് നിർദേശം നൽകിയ കോടതി, അയാൾക്ക് ജാമ്യം നൽകാൻ തയ്യാറായില്ല. നവംബർ 13ന് മല്ലിക്കിനെ വീണ്ടും ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
Discussion about this post