ജയ്പൂർ : നാല് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. എസ്‌ഐ ഭൂപേന്ദ്ര സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തതായി എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. നാല് വയസുകാരിയായ പെൺകുട്ടിയെ ഇയാൾ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ രഹുവാസ് പോലീസ് സ്‌റ്റേഷൻ വളഞ്ഞു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് എത്തിയത്. എല്ലാവരും ചേർന്ന് എസ്‌ഐയെ കൂട്ടത്തോടെ ആക്രമിച്ചു. ഇവരിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവമറിഞ്ഞ് ബിജെപി എംപി കിരോഡി ലാൽ മീണ സ്ഥലത്തെത്തി. ലാൽസോട്ടിൽ ദളിത് പെൺകുട്ടിയെ പോലീസുകാരൻ ബലാത്സംഗം ചെയ്ത സംഭവം ജനങ്ങളെ രോഷാകുലരാക്കിയിരിക്കുകയാണ്. അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ കഴിവുകേട് കാരണം സ്വേച്ഛാധിപതികളായി മാറിയ പോലീസ്, തിരഞ്ഞെടുപ്പ് സമയത്ത് പോലും അതിക്രമങ്ങൾ തുടരുകയാണ്. നിരപരാധിയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റാരോപിതനായ എഎസ്ഐ ഭൂപേന്ദ്ര സിംഗ് കടുത്ത നടപടി നേരിടുമെന്നും ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post