ആലപ്പുഴ :കടബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ തകഴി സ്വദേശി പ്രസാദിന്റെ ആത്മഹത്യയ്ക്ക് കാരണം പിണറായി വിജയൻ സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കേരളീയത്തിന് ചിലവഴിക്കാൻ കാശുണ്ട്, ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ സർക്കാരിന് പണമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.നെൽ കർഷകർക്ക് കേന്ദ്രം അനുവദിക്കുന്ന തുക പിണറായി വിജയൻ സർക്കാർ വകമാറ്റി ചിലവഴിക്കുകയാണ്. തിരിച്ചടക്കാമെന്നു പറഞ്ഞ തുക സർക്കാർ അടച്ചില്ല. കർഷകർക്ക് ബാങ്കുകളെ സമീപിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോഴെന്നും സുരേന്ദ്രൻ പറഞ്ഞു.
കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകനായ കെ ജി പ്രസാദാണ് ആത്മഹത്യ ചെയ്തത്. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു.തന്റെ മരണത്തിന് ഉത്തരവാദി കേരള സർക്കാർ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഒരു പേജുള്ള കുറിപ്പ് പ്രസാദിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കൃഷി ആവശ്യങ്ങൾക്കായി വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടികാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. അതിൽ മനംനൊന്താണ് പ്രസാദ് ജീവനൊടുക്കുന്നത് എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.
നെൽകർഷകനായിരുന്നു പ്രസാദ്. 27 കോടിയിലധികം ചിലവഴിച്ച് സംസ്ഥാന സർക്കാർ നടത്തിയ കേരളീയത്തിന്റ ധൂർത്തിനെച്ചൊല്ലിയുളള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടയിലാണ് സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയത്.
Discussion about this post