ജയ്പുർ : രാജസ്ഥാനിൽ നാലു വയസ്സുള്ള പെൺകുട്ടിയെ പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തതായി പരാതി. ദൗസ ജില്ലയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് കൂട്ടംകൂടിയെത്തിയ നാട്ടുകാർ പോലീസ് സ്റ്റേഷൻ വളഞ്ഞ് എസ്ഐയെ മർദ്ദിച്ചു. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എത്തി എസ്ഐയെ അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇടയിലാണ് എസ് ഐ ഭൂപേന്ദ്ര സിംഗ് സമീപവാസിയായ നാല് വയസ്സുള്ള പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത് എന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പെൺകുട്ടി ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്തതായും അന്വേഷണം നടത്തിവരികയാണെന്നും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബജ്‌രംഗ് സിംഗ് അറിയിച്ചു.
ദൗസയിലെ രാഹുവാസ് പോലീസ് സ്‌റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരുന്നയാളാണ് ഭൂപേന്ദ്ര സിംഗ്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിൽ ആയിരുന്നു. ഇതിനിടയിലാണ് ഇയാൾ കൃത്യം നടത്തുന്നത്. സംഭവമറിഞ്ഞ് ബിജെപി എംപി കിരോഡി ലാൽ മീണ സ്ഥലം സന്ദർശിച്ചു. പ്രതിഷേധം നടത്തിയിരുന്ന നാട്ടുകാരെ സമാശ്വസിപ്പിച്ച അദ്ദേഹം ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post