ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകാതിരിക്കാൻ കാണിക്കുന്ന പല വിരുതുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരത്തിൽ ഇംഗ്ലണ്ടിലെ ഒരു യുവതി കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. യുവതിയുടെ ഈ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ച് ധാരാളം പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിലെ ഒബ്സർവേറ്ററിയിലെ റെസ്റ്റോറന്റിലാണ് സംഭവം നടക്കുന്നത്. റസ്റ്റോറന്റ് ഉടമ തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടത്. റസ്റ്റോറന്റിൽ എത്തിയ യുവതിയും കൂടെയുണ്ടായിരുന്ന പുരുഷനും ചേർന്ന് ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചു. ആവശ്യത്തിന് കഴിച്ചതിനുശേഷം ബാക്കി വന്ന ഭക്ഷണത്തിൽ യുവതി സ്വന്തം തലമുടി പിഴുത് ഇടുകയായിരുന്നു. തുടർന്ന് ഭക്ഷണത്തിൽ നിന്നും മുടി ലഭിച്ചു എന്ന് പറഞ്ഞ് ഇവർ റസ്റ്റോറന്റിൽ വലിയ ബഹളമാണ് ഉണ്ടാക്കിയത്.
തന്റെ സ്ഥാപനത്തിൽ ഒരിക്കലും അത്തരം ഒരു വീഴ്ച സംഭവിക്കില്ലെന്ന് ഉറപ്പുള്ള ഉടമ യുവതിയും കൂടെയുള്ള പുരുഷനും മടങ്ങിയതിനു ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് യുവതി കാണിച്ച ചതി പുറത്താകുന്നത്. 15.88 ഡോളർ വിലയുള്ള ബീഫ് റോസ്റ്റ് ഡിന്നറിന് വേണ്ടിയാണ് യുവതി ഈ അതിക്രമമെല്ലാം കാണിച്ചത്. പണം നഷ്ടപ്പെട്ടതിലല്ല മറിച്ച് യുവതി ഉണ്ടാക്കിയ ബഹളത്തെ തുടർന്ന് റസ്റ്റോറന്റിന് ഉണ്ടായ ചീത്തപ്പേരിലാണ് ഉടമസ്ഥന് ഏറെ അമർഷവും വിഷമവും തോന്നിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഈ യുവതിക്കെതിരെ പ്രതികരിച്ചത്.
Discussion about this post