കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണ സംഘം. നാലുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസിൽ പ്രതിയായ മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാലു റിമോട്ടുകളാണ് പോലീസ് കണ്ടെത്തിയത്. ഡൊമിനിക് മാർട്ടിന്റെ സ്‌കൂട്ടറിൽ വെള്ളകവറിൽ പൊതിഞ്ഞ നിലയിലാണ് നാല് റിമോട്ടുകളും പോലീസ് കണ്ടെടുത്തത്.
ഒക്ടോബർ 29 നു രാവിലെ ഒൻപതരയോടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം നടന്നത്.രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കൺവെൻഷനിൽ പ്രാർത്ഥന തുടങ്ങി ആദ്യ അഞ്ചുമിനുട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത് . ഹാളിന്റെ മധ്യത്തിൽ വെച്ചാണ് ഐ ഇ ഡി ബോംബുകൾ പൊട്ടിത്തെറിച്ചത്.
സ്ഫോടനം നടന്നതിനുശേഷം പ്രതിയായ ഡൊമിനിക് മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മാർട്ടിൻ പോലീസ് സ്റ്റേഷനിലെത്തിയ സ്കൂട്ടറിൽ നിന്നുമാണ് പോലീസ് തെളിവായ റിമോട്ടുകൾ കണ്ടെത്തിയത്.
ഈ വിശ്വാസ സമൂഹത്തോടുളള വിരോധത്തിന്റെ ഭാഗമായിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് ആയിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. എന്നാൽ മാർട്ടിൻ നേരത്തെ വിദേശത്തായിരുന്നത് ഉൾപ്പെടെ പരിഗണിച്ച് പോലീസ് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണ്. സ്‌ഫോടനത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Discussion about this post