ചില ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങൾ ആയി മാറാറുണ്ട്. ആ ഒരു ബന്ധത്തിൽ നമ്മൾ കുടുങ്ങിപ്പോയതായി നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയും. പക്ഷേ പുറത്തു കടക്കാൻ കഴിയില്ല. ഇത്തരം പ്രതിസന്ധികളിൽ അതിന്റെ കൃത്യമായ കാരണങ്ങൾ തിരിച്ചറിയേണ്ടതായുണ്ട്. എങ്കിൽ മാത്രമേ യഥാർത്ഥ പ്രശ്നപരിഹാരം സാധ്യമാകൂ. ഈ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ്. റിലേഷൻഷിപ്പ് കോച്ച് മർലീന ടിൽഹോൺ.
സൗഹൃദമോ പ്രണയമോ ദാമ്പത്യമോ ആവട്ടെ പല ബന്ധങ്ങളിലും നമ്മൾ നമ്മുടെ ഊർജ്ജവും സ്നേഹവും എല്ലാം ആണ് നിക്ഷേപിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില പ്രതിസന്ധികൾ കടന്നു വരികയും നമുക്ക് വല്ലാതെ മടുപ്പ് തോന്നുകയും ചെയ്യുന്നതാണ്. എങ്കിൽപോലും ആ ബന്ധത്തിൽ നിന്നും വിട്ടുപോരാൻ സാധിക്കാത്ത എന്തോ ഒന്ന് നമ്മളെ ആ ബന്ധത്തിനുള്ളിൽ കുടുക്കിയിടുന്നതായി തോന്നാം. പ്രത്യേകിച്ചും ദാമ്പത്യ ബന്ധങ്ങളിൽ അത് കുട്ടികളോ അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കളോ ഒക്കെ ആകാം. അത്തരം സാഹചര്യങ്ങളിൽ പലപ്പോഴും പ്രതിസന്ധികളും വേദനകളും എല്ലാം സഹിച്ചുകൊണ്ട് ആ ബന്ധത്തിൽ തന്നെ ചിലർ തുടരുന്നു.
മറ്റു ചില സാഹചര്യങ്ങളിൽ ഒരു ബന്ധത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിയാത്തതിന്റെ കാരണം കുറ്റബോധം ആയിരിക്കാം. അത്തരം സാഹചര്യങ്ങളിൽ, നമ്മുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും മുൻഗണന നൽകേണ്ടതുണ്ടെന്നും ഇനി നമുക്ക് വേണ്ടാത്തത് ആയിട്ടുള്ള ഒരു ബന്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും നാം ഓർക്കേണ്ടതുണ്ട്.
ഇഷ്ടമില്ലാത്ത ദാമ്പത്യത്തിൽ ചിലർ തുടരുന്നതിനുള്ള കാരണം മറ്റൊരു നല്ല ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലോ എന്നുള്ള ആശങ്കയാണെന്നാണ് പല സർവ്വേകളും സൂചിപ്പിക്കുന്നത്. ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീർക്കാൻ താല്പര്യമില്ലാത്തതിനാൽ മാത്രം ചിലർ താല്പര്യമില്ലാത്ത ബന്ധങ്ങൾ തുടർന്നു പോകുന്നുണ്ട്. ഇത്തരത്തിൽ ഏത് സാഹചര്യമായാലും എല്ലായ്പ്പോഴും ആലോചിക്കേണ്ടത് സ്വന്തം സന്തോഷവും സംതൃപ്തിയും കണ്ടെത്താനായി കഴിയുന്ന സാഹചര്യങ്ങളിൽ ജീവിക്കുക എന്നുള്ളതാണ്. ഏതൊരു ബന്ധത്തിനായാലും അകത്തേക്കും പുറത്തേക്കും ഒരുപോലെ വാതിലുകൾ ഉണ്ടെന്ന് മനസ്സിലാക്കുക. പൊരുത്തപ്പെടാൻ ആകാത്ത ബന്ധങ്ങളിൽ നിന്നും മാറിനിന്ന് സംതൃപ്തിയോടെ ജീവിക്കുക എന്നാണ് റിലേഷൻഷിപ്പ് കോച്ച് മർലീന ടിൽഹോൺ വ്യക്തമാക്കുന്നത്.
Discussion about this post