ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത്. സൈനികർക്ക് അദ്ദേഹം മധുരപലഹാരങ്ങൾ നൽകിക്കൊണ്ട് ദീപാവലി ആശംസകൾ നേർന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ജോലിചെയ്യുന്ന പ്രതിരോധ സേനയുടെ അചഞ്ചലമായ ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. സൈനികരോടൊന്നിച്ചുള്ള ഓരോ നിമിഷവും അഗാധമായ അഭിമാനമാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് സൈനികരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 30-35 വർഷമായി സൈനികർക്കൊപ്പം ആണ് എല്ലാ ദീപാവലിയും ആഘോഷിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനു മുൻപ് പോലും സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അതിർത്തി പ്രദേശങ്ങളിൽ പോകുമായിരുന്നുവെന്ന് ലെപ്ചയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു.
“ഇന്നത്തെ ലോക സാഹചര്യം കണക്കിലെടുക്കുമ്പോൾ, ലോകത്തിന് ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമായി തുടരേണ്ടത് പ്രധാനമാണ്. അന്താരാഷ്ട്ര സമാധാന ദൗത്യത്തിൽ, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ നമ്മുടെ സൈനികർ കാരണമാണ് മെച്ചപ്പെട്ടത് . നമ്മുടെ ഈ ധീരഹൃദയങ്ങൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നവരാണ്. ഉത്സവങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ താല്പര്യപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ നമ്മുടെ സൈനികർ അവരുടെ അർപ്പണബോധവും ത്യാഗവും കൊണ്ട് കുടുംബത്തെ വിട്ട് അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്നു. അത്തരത്തിൽ സൈനികർ കർമ്മം ചെയ്യുന്ന ഓരോ സ്ഥലവും ക്ഷേത്രത്തിന് തുല്യം തന്നെയാണ് ” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post