തിരുവനന്തപുരം: ദേവസ്വം ബോർഡ് നോട്ടീസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി, പൂയം തിരുനാൾ ഗൗരി പാർവതി ബായി എന്നിവർ പങ്കെടുക്കില്ല. കൂടുതൽ വിവാദങ്ങൾക്ക് താത്‌പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്‌കാരിക വിഭാഗം തയ്യാറാക്കിയ നോട്ടീസിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ചുള്ള പരിപാടിയ്ക്കാണ് നോട്ടീസ് തയ്യാറാക്കിയത്. കവടിയാർ രാജകുടുംബാംഗങ്ങളെ രാജ്ഞിയെന്നും തമ്പുരാട്ടിയെന്നും വിശേഷിപ്പിച്ചതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. വിവാദത്തെ തുടർന്ന് ദേവസ്വംബോർഡ് നോട്ടീസ് പിൻവലിക്കുകയും ചെയ്തു.
ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി പൂയം തിരുനാൾ ഗൗരി പാർവതി ബായി എന്നിവരെയാണ്. എന്നാൽ വിവാദത്തിൻറെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് രാജകുടുംബാംഗങ്ങൾ അറിയിച്ചു കഴിഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്‌പാർച്ചന മാത്രമേ ഉണ്ടാവൂ എന്നാണ് ദേവസ്വംബോർഡിൻറെ അവസാന തീരുമാനം.
Discussion about this post