കൊച്ചി: വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത ഏറുന്നുവെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. വിവാഹവും പ്രണയവും ഉൾപ്പെടെ ബന്ധങ്ങൾ തുടരണമോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകൾക്കുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി വനിത കമ്മിഷൻ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായ സെമിനാർ കോഴിക്കോട് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി സതീദേവി.
ഗാർഹിക പീഡനക്കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകളാണ്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും സ്ത്രീകളുണ്ട്. സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടോടു കൂടി സ്ത്രീകളും പുരുഷന്മാരും പെരുമാറുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. സ്ത്രീകളോടു ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം. പെൺകുട്ടികളെ കച്ചവടം ചെയ്യുന്ന പെൺവാണിഭ സംഘങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീകൾക്കെതിരായ ചൂഷണങ്ങളും വിവേചനങ്ങളും പരിശോധിച്ച് കുറ്റക്കാരെ നിയമപരിധിയിലേക്ക് കൊണ്ടു വരികയെന്ന ഉത്തരവാദിത്തമാണ് വനിത കമ്മിഷൻ നിർവഹിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
വിവാഹം നടന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ദമ്പതികൾ തമ്മിൽ പ്രശ്‌നം ഉണ്ടാകുന്നു. വിലപേശി പണം വാങ്ങുന്നു. വധുവിന്റെ സ്വർണവും മറ്റ് സമ്പാദ്യവും വരന്റെ ബന്ധുക്കൾ കൈവശപ്പെടുത്തി കൈകാര്യം ചെയ്യുന്നു. തൊഴിലിടങ്ങളിലെ അധിക്ഷേപം, വഴിത്തർക്കം, കുടുംബപ്രശ്‌നങ്ങൾ എന്നിവ ആവർത്തിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
Discussion about this post