ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ ആയിരക്കണക്കിന് പലസ്തീനികളെ ബന്ദികളാക്കി ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിട്ട ഹമാസ് സീനിയർ കമാൻഡർ അഹമ്മദ് സയാമിനെ ഇസ്രയേൽ സേന വ്യോമാക്രമണത്തിൽ വധിച്ചു. യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന് ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച പലസ്തീനികളെ ഇയാൾ തടഞ്ഞത് വലിയ ദുരന്തത്തിന് കാരണമായതായി ഇസ്രയേൽ സേന നേരത്തേ വിലയിരുത്തിയിരുന്നു.
ഹമാസിന്റെ നാസർ റദ്വാൻ കമ്പനിയുടെ കമാൻഡറായിരുന്നു സയാം. റാന്റിസി ആശുപത്രിയെയാണ് ഇയാൾ കുരുതിക്കളമാക്കിയത്. സാധാരണക്കാരായ പലസ്തീനികളെ ഹമാസ് മനുഷ്യകവചമാക്കുന്നതിന്റെ ഏറ്റവും നികൃഷ്ടമായ ഉദാഹരണമാണ് അഹമ്മദ് സയാമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.
ഗാസയിലെ അൽ ബുറാഖ് സ്കൂളിൽ ഒളിഞ്ഞിരിക്കുകയായിരുന്ന സയാമിനോടൊപ്പം ഇയാളുടെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസികളുടെ രഹസ്യ വിവരത്തെ തുടർന്ന് ഇസ്രയേൽ സേന ആസൂത്രിതമായി സയാമിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം.
ഗാസയിലെ പീഡിയാട്രിക് കാൻസർ വാർഡിലായിരുന്നു സയാം മനുഷ്യത്വരഹിതമായി കുട്ടികളെ ഉൾപ്പെടെ മനുഷ്യകവചമായി ഉപയോഗിച്ചത്. ഹമാസ് ആശുപത്രികളെ സൈനിക താവളങ്ങളാക്കി മാറ്റുന്നതിന്റെയും അവയ്ക്കടിയിലെ തുരങ്കങ്ങളിൽ ആയുധ സംഭരണം നടത്തുന്നതിന്റെയും പ്രത്യക്ഷമായ ഉദാഹരണമായാണ് അഹമ്മദ് സയാമിന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
ഒക്ടോബർ 7 ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ഹമാസ് ഭീകരരായ അലി ഖാദിർ, മുർത്താസ് ഈദ്, സക്കാരിയ അബു മഅമർ, ജൊവാദ് അബു ഷമല, ബെലാൽ അൽഖാദ്ര, മെറാദ് അബു മെറാദ് എന്നിവരെയും ഇസ്രയേൽ നേരത്തേ വധിച്ചിരുന്നു.
Discussion about this post