കോതമംഗലം; എംഎ എഞ്ചിനീയറിങ് കോളജിൽ ടെക് ഫെസ്റ്റിനിടെ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ ഭീകരസംഘടനയായ ഹമാസിനെ വെളളപൂശാൻ ശ്രമിച്ച സംഭവത്തിൽ വിവാദവും പ്രതിഷേധവും ശക്തമാകുന്നു. കോളജിലെ പൊതുപരിപാടിയിൽ ഒരു മുന്നറിയിപ്പുമില്ലാതെ പലസ്തീൻ പതാക പ്രദർശിപ്പിച്ച് ഹമാസിനെ വെളളപൂശാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിമർശനം. യുഎസും ഫ്രാൻസും തുടങ്ങി എല്ലാ വൈറ്റ് കൺട്രീസും ചേർന്ന് കുറച്ച് നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുകയാണ് എന്നായിരുന്നു അവതാരകന്റെ പരാമർശം.
വേദിയിൽ സജ്ജീകരിച്ച ഡിജിറ്റൽ വാളുകളിൽ പലസ്തീൻ പതാക ഡിസ്‌പ്ലേ ചെയ്ത ശേഷമായിരുന്നു പലസ്തീൻ ഐക്യദാർഢ്യ പ്രസംഗം. പലസ്തീനിലെ കുട്ടികളെപ്പോലും ഇസ്രയേൽ കൊന്നൊടുക്കുകയാണെന്ന് വേദിയിൽ ആരോപിച്ച അവതാരകൻ പക്ഷെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കുരുതിയെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല.
എന്ത് പറയണമെന്ന് അറിയില്ല, നിർവികാരതയാണ് പല വിഷ്വൽസ് കാണുമ്പോഴും തോന്നാറുണ്ട്. പലസ്തീനെ തീർച്ചയായും സ്വതന്ത്രമാക്കണം. നമ്മളെല്ലാവരുടെയും മനസിൽ ആ ഒരു ഉന്നം മാത്രമേ കാണാവൂ. മാനസീകമായും വാക്കുകളിലും പലസ്തീന് ഒപ്പമാകണം ഇതായിരുന്നു വേദിയിൽ അവതാരകന്റെ വാക്കുകൾ. കോളേജിലെ ടെക് ഫെസ്റ്റ് തക്ഷക് 2023 ന്റെ സമാപന വേദിയിലാണ് വിവാദ സംഭവം അരങ്ങേറിയത്. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഹമാസ് അനുകൂല വെളളപൂശലിനെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടി.
സംഭവത്തിൽ മാനേജ്‌മെന്റിനെതിരെയും ശക്തമായ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും വർഗീയ ധ്രുവീകരണം പോലും സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് മാനേജ്‌മെന്റ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഉത്തരവാദികളായ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നു.
സംഭവത്തിൽ എബിവിപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രോഗ്രാം ചാർട്ടിൽ ഇല്ലാത്ത പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം പൊതുവേദിയിൽ നടത്തിയത് എന്തിനെന്നും, പലസ്തീന് വേണ്ടിയുള്ള പരിപാടിയായിരുന്നേൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹിതം ക്ഷിണിച്ച് വരുത്തി അവഹേളിച്ചത് എന്തിനാണെന്നും എബിവിപി ചോദിച്ചു. സാങ്കേതിക ഉന്നമനത്തിന് വേണ്ടി സംഘടിപ്പിച്ച ടെക് ഫെസ്റ്റ് ഇതിലൂടെ കേവലം സാംസ്‌കാരിക ശൂന്യതയിൽ കൊണ്ടെത്തിച്ചതായും എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് വിജിത് വിനോദ് ചൂണ്ടിക്കാട്ടി.
Discussion about this post